സിനിമാ ലോകത്ത് ഇന്നും ചര്‍ച്ചയാകുന്ന താരമാണ് സില്‍ക് സ്മിത. മാദക നടിയായി തരംഗം സൃഷ്ടിച്ച സില്‍ക് സ്മിത ഒരു കാലത്തുണ്ടാക്കിയ തരംഗം ചെറുതല്ല. സിനിമകളില്‍ ആഘോഷിക്കപ്പെട്ടെങ്കിലും സില്‍ക് സ്മിതയ്ക്ക് പൊതുസമൂഹത്തില്‍ പലപ്പോഴും സ്വീകാര്യത ലഭിച്ചില്ല. പല അവഹേളനങ്ങളും നടിക്ക് കേള്‍ക്കേണ്ടി വന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ സില്‍ക് സ്മിത മുന്നോട്ട് നീങ്ങി. പക്ഷേ ജീവിതത്തില്‍ നടിക്ക് അടിപതറി തുടങ്ങി. സാമ്പത്തിക നഷ്ടങ്ങളും വ്യക്തി ബന്ധങ്ങളില്‍ വഞ്ചിക്കപ്പെടുകയും ചെയ്തതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു സില്‍ക് സ്മിത.
സില്‍ക് സ്മിതയുമായുള്ള രൂപ സാദൃശ്യം മൂലം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട പെണ്‍കുട്ടിയാണ് വിഷ്ണു പ്രിയ. സിനിമാ ലോകത്ത് വരെ ചര്‍ച്ചയായ വിഷ്ണു പ്രിയ ഇന്ന് സില്‍ക് സ്മിതയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. മാര്‍ക്ക് ആന്റണി എന്ന സിനിമയിലാണ് സില്‍ക് സ്മിതയായി വിഷ്ണു പ്രിയ എത്തിയത്. ഒറ്റ നോട്ടത്തില്‍ സില്‍ക് സ്മിതയാണെന്നേ വിഷ്ണു പ്രിയയെ കണ്ടാല്‍ തോന്നൂ. ആരെയും അമ്പരപ്പിക്കുന്നതാണ് ഈ രൂപ സാദൃശ്യം.
സില്‍ക് സ്മിതയെ അടക്കിയ സ്ഥലം തിരഞ്ഞ് നടന്നതിനെക്കുറിച്ച് വിഷ്ണു പ്രിയ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്വപ്‌നത്തില്‍ അവരെ കണ്ട ശേഷം അവരുടെ ശവകുടീരം കാണണമെന്ന് തോന്നി. ചെന്നൈയില്‍ വന്നപ്പോള്‍ അവിടെ പോകാമെന്ന് കരുതി. ഗൂഗിളില്‍ തിരഞ്ഞു, യൂട്യൂബ് വീഡിയോകള്‍ കണ്ടു, പക്ഷെ അവരെ അടക്കിയത് എവിടെയാണെന്ന് അറിയാന്‍ കഴിഞ്ഞില്ല. എവിഎം സ്റ്റുഡിയോയുടെ പിന്‍ഭാഗത്താണ് അടക്കിയതെന്ന് ചിലര്‍ പറഞ്ഞു. ചുടുകാട്ടില്‍ പോയി തിരഞ്ഞു.
സില്‍ക് സ്മിതയുടെ സമാധി എവിടെയാണെന്ന് അവിടെയുള്ള ആളോട് ചോദിച്ചു. ഇതൊരു ആക്ടറെ അടക്കിയ ഇടമാണെന്ന് പറഞ്ഞ് ഒരിടം കാണിച്ചു. ഇത്രയും വലിയ നടിയെ ഇവിടെയാണോ അടക്കിയതെന്ന് തോന്നിപ്പോയി. അപ്പോള്‍ മറ്റൊരാള്‍ വന്നു. ഇവിടെയല്ല അവരെ അടക്കിയത്. സില്‍ക് സ്മിതയെ ദഹിപ്പിച്ചതാണ്. ചിതാഭസ്മം അവരുടെ അമ്മ നാട്ടിലേക്ക് കൊണ്ട് പോയെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും വിഷ്ണു പ്രിയ വ്യക്തമാക്കി.
സില്‍ക് സ്മിതയുടെ മരണത്തിന് ശേഷം നടിയുടെ ബന്ധുക്കളെക്കുറിച്ച് ഒരു വിവരവും ഇല്ല. ആന്ധ്രപ്രദേശിലെ ഏലൂരിലാണ് സില്‍ക് സ്മിത ജനിച്ചത്. ചെറിയ പ്രായത്തിലേ സ്മിതയെ കുടുംബം വിവാഹം ചെയ്ത് അയച്ചു. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഉപദ്രവം കാരണം നടി വീട് വിട്ട് പോകുകയായിരുന്നു. ടച്ച് അപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്ത സില്‍ക് സ്മിത സിനിമാ താരമായ ശേഷം തന്റെ കുടുംബത്തെക്കുറിച്ച് എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല.
