മുഖ്യമന്ത്രിയെ സുധാകരൻ കണക്ക് പറയിക്കുമോ?

ഐ ക്യാമറ പദ്ധതിയില്‍ കോടതി അനുമതി ഇല്ലാതെ കരാറുകാര്‍ക്ക് പണം നല്‍കരുതെന്ന ഹൈക്കോടതി വിധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സകല അഴിമതികളിലും പിണറായി വിജയനെ ന്യായീകരിക്കാന്‍ വിധിക്കപ്പെട്ട സി പി എം അടിമകളുടെ മുഖത്തേറ്റ അടിയാണ് എ ഐ ക്യാമറ അഴിമതിയില്‍ ഇന്ന് കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങളെന്ന് സുധാകരന്‍ പറഞ്ഞു. ഈ ജനതയ്ക്ക് കാവലായി ഇമ ചിമ്മാതെ പ്രതിപക്ഷം ഇവിടെയുണ്ട്. പിണറായി വിജയന്‍ ഖജനാവില്‍ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും ഞങ്ങള്‍ കണക്ക് പറയിച്ചിരിക്കുമെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അഴിമതി ആരോപണത്തില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജനപക്ഷത്തു നിന്നുകൊണ്ട് പ്രതിപക്ഷമാണ് ഈ അഴിമതി കൈയ്യോടെ പിടിച്ചതെന്നും കോടതിക്ക് മനസ്സിലായിട്ടുണ്ട്. അഴിമതികളുടെ വിളനിലമായി ഏഴുവര്‍ഷങ്ങള്‍ കൊണ്ട് പിണറായി വിജയന്‍ കേരളത്തെ മാറ്റിയിരിക്കുകയാണ്. ഈ അഴിമതിയും അന്വേഷിച്ചാല്‍ പിണറായി വിജയനിലും കുടുംബത്തിലും ചെന്ന് നില്‍ക്കാന്‍ തന്നെയാണ് സാധ്യത. കുടുംബത്തോടെ ഖജനാവ് കട്ടുമുടിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കേരള മുഖ്യമന്ത്രിയെന്നും കെപിസിസി അധ്യക്ഷന്‍ ആരോപിച്ചു.

ക്യാമറ ഇടപാടില്‍ അടിമുടി അഴിമതിയാണെന്നും പദ്ധതി സംബന്ധിച്ചു ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണു ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. കരാറുകാര്‍ക്ക് പണം നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനി കോടതി ഇടപെടലോടുകൂടി മാത്രമേ തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്യാനാകൂ. കരാറുകാര്‍ക്ക് പണം നല്‍കണമെങ്കില്‍ ഈ കേസുമായി ബന്ധപ്പെട്ട കോടതിയുടെ ഉത്തരവ് വരുന്നതുവരെ കാത്തിരിക്കണം.

മോന്‍സന്‍ പോക്‌സോ കേസിലെ കെ സുധാകരനെതിരായ സിപിഎം ആരോപണത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി പൊലീസില്‍ പരാതി നല്‍കാനാണ് തീരുമാനം.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ ഡിജിപിക്ക് പരാതി നല്‍കും എന്നാണ് വിവരം.അതേസമയം, പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിപരിഗണിക്കും. പരാതിക്കാരുടെ ആദ്യപരാതിയില്‍ തന്റെ പേര് ഇല്ലായിരുന്നുവെന്നും രാഷ്ട്രീയ പ്രേരിതമായ കേസ് എന്നാണ് കെപിസിസി പ്രസിഡന്റിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *