വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം

കൊല്ലം: വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ ആണെന്ന് വ്യക്തമാക്കി കൊല്ലം റൂറല്‍ എസ്പി കെബി രവി. കേസിലെ കുറ്റപത്രം ശാസ്താംകോട്ട ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. വിസ്മയയുടെ മരണം ആത്മഹത്യ ആണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നും, കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

വിസ്മയ കേസില്‍ 500 പേജുള്ള കുറ്റപത്രമാണ് പോലീസ് തയ്യാറാക്കിയത്. 102 സാക്ഷികളും, 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കൂടാതെ ഡിജിറ്റല്‍ തെളിവുകള്‍ തിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത് 90 ദിവസം തികയും മുന്നെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. വിസ്മയയുടെ ഭര്‍ത്താവും, മുന്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനുമായിരുന്ന കിരണ്‍ കുമാര്‍ മാത്രമാണ് കേസിലെ പ്രതി.

ആത്മഹത്യ പ്രേരണാക്കുറ്റം ഉള്‍പ്പടെ 9 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ കേസില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഒഴിവാക്കുന്നതിനായാണ് ഇപ്പോള്‍ 90 ദിവസത്തിന് മുന്‍പ് തന്നെ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ കേസിലെ വിചാരണ കഴിയും വരെ കിരണ്‍ കുമാര്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത ഇല്ലാതാകും. വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും അയച്ച വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തില്‍ കിരണിന് എതിരായ മുഖ്യ തെളിവ് ആവുക. കൂടാതെ വിസ്മയ കടുത്ത മാനസിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. വിസ്മയയുടെ മൃതശരീരം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ധര്‍, വിസ്മയയുടെ സുഹൃത്തുകള്‍, ബന്ധുക്കള്‍ എന്നിവരടങ്ങുന്നതാണ് സാക്ഷിപട്ടിക.

Leave a Reply

Your email address will not be published. Required fields are marked *