ന്യൂഡല്‍ഹി: ദിനം പ്രതി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയില്‍. വെള്ളിയാഴ്ച ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും.
നികുതി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് പുതിയ തീരുമാനം. ഇതിനെ ശക്തമായി എതിര്‍ക്കുമെന്ന് കേരളം. മറ്റ് സംസ്ഥാനങ്ങളും ഇതേ അഭിപ്രായക്കാരാണ്. സമാനമായ അഭിപ്രായമുള്ള മറ്റ് സംസ്ഥാനങ്ങളുമായി കൗണ്‍സില്‍ യോഗത്തിന് മുന്‍പ് കൂടിയാലോചന നടത്താനും സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
ഇതുവഴി പെട്രോളിനും ഡീസലിനും വില കുത്തനെ കുറയുമെന്നിരിക്കെ ഈ രണ്ട് ഉത്പന്നങ്ങളൊഴികെ മറ്റേതെങ്കിലും ഒന്നോ രണ്ടോ ഉത്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.അതിലൊന്ന് ഏവിയേഷന് ഉപയോഗിക്കുന്ന ഇന്ധനമാകാനുള്ള സാധ്യതയുണ്ട്. ഇന്ധന വിലവര്‍ധനവ് കാരണം ടിക്കറ്റ് നിരക്ക് ഉള്‍പ്പടെ വര്‍ധിപ്പിക്കേണ്ടി വരുന്നുവെന്നും അതിനാല്‍ മേഖലയില്‍ നഷ്ടമുണ്ടെന്നും കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാറ്റ് നികുതി നാല് ശതമാനമായി കുറയ്ക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ച് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
