തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളര്‍ഷിപ്പ് അനുവദിക്കും.
ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കുന്നത്. 80 ശതമാനം സ്കോളര്‍ഷിപ്പുകള്‍ മുസ്ലീംങ്ങള്‍ക്കും 20 ശതമാനം ക്രിസ്ത്യാനികള്‍ക്കും എന്ന രീതിയിലായിരുന്നു ഇതുവരെയും സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിരുന്നത്. ഈ അനുപാതം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.?
