ആക്രമിക്കപ്പെട്ട അഞ്ചുവര്‍ഷം കഴിയുമ്പോള്‍ താന്‍ നേരിട്ട് അതിക്രമത്തെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് നടി ഭാവന. താന്‍ ഒരു ഇര അല്ലെന്നും അതിജീവിത യാണെന്നും നടി വ്യക്തമാക്കി. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് ‘ വി ദ വുമന്‍ ഓഫ് ഏഷ്യ ‘ കൂട്ടായ്മയ്ക്ക് ഒപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ഹാള്‍’ പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം. ഈ പരിപാടി സംപ്രേഷണം ചെയ്തത് മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെ ആയിരുന്നു.
‘ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ വളരെയധികം വേദനിപ്പിച്ചു. ഇന്‍സ്റ്റഗ്രാം വഴി പലരും ചോദിച്ചത് എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല എന്നൊക്കെ. അതിനൊപ്പം തന്നെ നിരവധി പേര്‍ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. താന്‍ ഉണ്ടാക്കിയ നാടകമാണ് ഇതെന്ന് പലരും പറഞ്ഞു. എന്റെ കുടുംബത്തെ അടക്കം അപകീര്‍ത്തിപ്പെടുത്താന്‍ പലരും ശ്രമിച്ചു. ചിലര്‍ കുറ്റപ്പെടുത്തിയപ്പോള്‍ വല്ലാതെ തളര്‍ന്നു പോയി ‘ ഭാവന പറയുന്നു.
സംഭവത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കും ഭാവന നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ വിജയം കാണുന്നത് വരെ പോരാട്ടം തുടരുമെന്നും നടി വ്യക്തമാക്കി. ഈ സംഭവവികാസങ്ങള്‍ കാരണം പലരും തനിക്ക് മലയാള സിനിമയില്‍ അവസരം നിഷേധിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.
സ്വന്തം ജീവിതത്തിലൂടെ അതിജീവനത്തിന്റേയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി മാറുകയാണ് ഭാവന നടി.
