കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന് തീവ്ര വ്യാപന ശേഷി; കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച് കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്. ഡെല്‍റ്റ പ്ലസ് വകഭേദം ആശങ്കയുളവാക്കുന്നതാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം. ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയ പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കാനും കര്‍ശനമായി ക്വാറന്റൈന്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു.

ഡെല്‍റ്റ പ്ലസ് കൊവിഡ് വകഭേദം തീവ്ര വ്യാപന ശേഷിയുള്ളതാണ് എന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കേരളത്തില്‍ പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് നിലവില്‍ ഡെല്‍ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം രംഗത്ത് എത്തുന്നത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വന്ന് ഭേദമായ 65കാരിയിലായിരുന്നു രോഗബാധ കണ്ടെത്തിയത്. ഇവര്‍ രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചിരുന്നു. മധ്യപ്രദേശില്‍ നാലുപേരിലാണ് രോഗബാധകണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ 21 പേരിലും ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് ഡല്‍റ്റ പ്ലസ് സ്ഥിരീകരിച്ച പാലക്കാടും പത്തനംതിട്ടയിലും നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകള്‍ അടച്ചിടും. ഇന്നുമുതല്‍ ഏഴുദിവസത്തേക്കാണ് അടച്ചിടുക. പറളി, പിരായരി പഞ്ചായത്തുകളിലെ രണ്ട് സ്ത്രീകളിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. 50 വയസ്സില്‍ താഴെയുള്ളവരാണ് രണ്ട് പേരും. നിലവില്‍ ഇരുവര്‍ക്കും രോഗം ഭേദമായി. പറളിയിലെ കേസില്‍ ലക്ഷണങ്ങളുണ്ടായിരുന്നില്ല. പിരായിരിയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ ലക്ഷണങ്ങളുണ്ടായിരുന്നു. രണ്ടിടത്തും ജാഗ്രത ശക്തമാക്കുമെന്ന് ഡിഎംഒ ഡോ റീത്ത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഡിഎംഒ അറിയിച്ചു.

പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്തിലെ 14ാം വാര്‍ഡിലെ നാല് വയസുള്ള ആണ്‍കുട്ടിയിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. മെയ് 24 നാണ് കുട്ടി കൊവിഡ് പോസിറ്റീവായത്. നിലവില്‍ കൊവിഡ് നെഗറ്റീവാണ്. കുട്ടി ഉള്‍പ്പെട്ട വാര്‍ഡ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററില്‍ പെട്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *