ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്രമേള വൈകീട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മുഖ്യ അതിഥിയായ് എത്തും. ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഗതാഗതമന്ത്രി ആന്റണി രാജുവിനും ഫെസ്റ്റിവല്‍ ബുള്ളറ്റ് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്യും.
ഐ എസിന്റെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിക്കും.
ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ആയുള്ള റിസര്‍വേഷന്‍ ഇന്ന് ആരംഭിക്കും. 24 മണിക്കൂറിന് മുന്‍പ് വേണം ചിത്രങ്ങള്‍ ബുക്ക് ചെയ്യേണ്ടത്. രാവിലെ എട്ട് മണിമുതല്‍ സീറ്റുകള്‍ പൂര്‍ണ്ണമാകുന്നത് വരെയാണ് റിസര്‍വേഷന്‍ ലഭിക്കുക. നിശാഗന്ധി ഓപ്പണ്‍ തിയേറ്ററില്‍ ഒഴികെ എല്ലാ തിയേറ്ററുകളിലും റിസര്‍വേഷന്‍ അനുവദിച്ചിട്ടുണ്ട്.
