ന്യൂഡല്‍ഹി: ഇന്ന് ഗാന്ധി ജയന്തി. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയല്‍ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. ഗാന്ധിജിയുടെ മഹത്വം ഏറെ പ്രസക്തമായ ഒരുകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
സത്യവും അഹിംസയും ജീവിതവ്രതമാക്കിയ ഗാന്ധിജി സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ്.
ഗുജറാത്തിലെ പോര്‍ബന്തറില്‍ 1869 ഒക്ടോബര്‍ രണ്ടിനാണ് ഗാന്ധി ജനിക്കുന്നത്. ബ്രിട്ടനില്‍നിന്ന് നിയമത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ശേഷം ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായും സാമൂഹ്യപ്രവര്‍ത്തകനായും സേവനമനുഷ്ടിച്ചു. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി സ്വാതന്ത്ര്യ സമരത്തിന് പുതിയ രൂപവും ഭാവവും നല്കി.
അഹിംസയായിരിക്കണം മനുഷ്യരുടെ വഴിയെന്ന് ഗാന്ധിജി നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ആ രൂപം പോലെത്തന്നെ ലളിതമായിരുന്നു ആ ജീവിതവും.
1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസത്തിന് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധി മരിക്കുന്നത്.
ഗാന്ധിയുടെ 152ാം ജന്മവാര്ഷികത്തില് രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതല്‍ എട്ടര വരെ സര്‍വമത പ്രാര്‍ഥനയും നടക്കും.
