തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം 56ല്‍ നിന്ന് 57 വയസാക്കി വര്‍ദ്ധിപ്പിക്കാന്‍ പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ.
സര്‍വീസില്‍ ഇരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്ഷന് നല്‍കണമെന്നും കമ്മിഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ പട്ടിക വിഭാഗങ്ങള്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കും മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20 ശതമാനം ആ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവര്‍ത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറയ്ക്കണമെന്നും ആശ്രിത നിയമനം സമ്പൂര്‍ണമായി ഒഴിവാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചായി കുറയ്ക്കുമ്പോള്‍ ഓരോ ദിവസത്തേയും പ്രവര്‍ത്തി സമയം രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:30 വരെയാക്കണം. വര്‍ക്ക് ഫ്രം ഹോം നിര്‍ബന്ധമാക്കണമെന്ന് പറയുന്നില്ലെങ്കിലും അത്യാവശ്യ സാഹചര്യങ്ങളില്‍ അനുവദിക്കാമെന്നാണ് ശുപാര്‍ശ. അതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ ലീവുകളുടെ എണ്ണം നിജപ്പെടുത്തണം, അവധി ദിവസങ്ങള്‍ കുറയ്ക്കണം.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ നിയമന ഒഴിവുകള്‍ ഏറ്റവും പ്രചാരമുള്ള രണ്ട് മലയാളം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണം. കൂടാതെ വിദ്യാഭ്യാസ വകുപ്പിന്റെയും സ്കൂളിന്റെയും വെബ്സൈറ്റിലും ഒഴിവുകള്‍ പ്രസിദ്ധീകരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ മാനേജ്മെന്റ്, യൂണിവേഴ്സിറ്റി, സര്‍ക്കാര്‍ പ്രതിനിധികള്‍ ഉണ്ടായിരിക്കണം. നിയമനത്തിനായുള്ള അഭിമുഖത്തിന്റെ വീഡിയോയും ഓഡിയോയും പകര്‍ത്തി സൂക്ഷിക്കണം. നിയമനം സംബന്ധിച്ചുള്ള പരാതികള്‍ പരിഹരിക്കാനും പരിശോധിക്കാനും ഓംബുഡ്സ്മാനെ നിയമിക്കണം. ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ വിരമിച്ച ജസ്റ്റിസിനെയാണ് ഓംബുഡ്സമാനായി നിയമിക്കേണ്ടത്.
ഭരണ രംഗത്ത് ഏറ്റവും അത്യാവശ്യം വേണ്ടത് കാര്യക്ഷമതയാണെന്നും സാധാരണക്കാരന്റെ യഥാര്‍ത്ഥ പ്രശ്നം എന്താണെന്ന് ഉള്‍ക്കൊള്ളാനുള്ള മനോഭാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
