തിരുവനന്തപുരം: ഒന്നരവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളും സ്വകാര്യ കോളേജുകളും ഇന്ന് തുറക്കുകയാണ്. രക്ഷിതാക്കളും വിവിധ സംഘടനപ്രവര്‍ത്തകരും കോളേജ് കെട്ടിവും ക്ലാസ് മുറികളും വ്യത്തിയാക്കി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞു.
കോളജുകളില്‍ ബിരുദാനന്തര ബിരുദ ക്ലാസ്സുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വച്ച് നടത്തും. ബിരുദ ക്ലാസ്സുകള്‍ പകുതി വീതം വിദ്യാര്‍ത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ക്ലാസുകള്‍ക്ക് മൂന്നു സമയക്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെ 8.30 മുതല്‍ 1.30 വരെയുള്ള ഒറ്റ സെഷന്, അല്ലെങ്കില്‍, 9 മുതല്‍ 3 വരെ, 9.30 മുതല്‍ 3.30 വരെ. ഇതില്‍ കോളേജ് കൗണ്‍സിലുകള്‍ക്ക് സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കാമെന്നാണ് നിര്‍ദേശം. മിക്ക കോളജുകളും 8.30 മുതലുള്ള ഒറ്റ സെഷനാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ആഴ്ചയില്‍ 25 മണിക്കൂര്‍ ക്ലാസ് വരത്തക്കവിധം ഓണ്‍ലൈന്‍ ഓഫ്ലൈന് ക്ലാസുകള്‍ സമ്മിശ്രരീതിയിലാക്കിയാണ് ടൈം ടേബിള്‍. മറ്റു സെമസ്റ്ററുകളുടെ ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍ തന്നെ തുടരും.
