കൊല്ലം: വിസ്മയ കേസില്‍ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പ്രതി കിരണ്‍കുമാറിന് പരമാവധി ശിക്ഷ ലഭിക്കുന്നതിന് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയാണ് കോടതിക്ക് മുന്നിലെത്തുക. 40 ല്‍ അധികം പ്രധാന സാക്ഷികളുടെ മൊഴിയുണ്ട്. ഇരുപതിലധികം ഡിജിറ്റല്‍ തെളിവുകളും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പറ്റുന്നവയാണെന്നാണ് വിലയിരുത്തല്‍. ഭര്‍ത്തൃവീട്ടിലെ പീഡനത്തെക്കുറിച്ച് വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളാണ് പ്രധാന ഡിജിറ്റല്‍ തെളിവുകള്‍. വിസ്മയയെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫൊറന്‍സിക് വിദഗ്ധന്‍, വിസ്മയയുടെ സുഹൃത്തുക്കള്‍ എന്നിവരുടെ മൊഴിയും പ്രധാനമാണ്.
നിലമേല്‍ സ്വദേശിനിയായ വിസ്മയയുടെ മരണം കഴിഞ്ഞ ജൂണ്‍ 21 പുലര്‍ച്ചെയായിരുന്നു. ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി പി. രാജ്കുമാര് കുറ്റപത്രം സമര്‍പ്പിക്കും. പ്രതി കിരണ്‍കുമാറിനെതിരെ സ്ത്രീധനപീഡനം, ഗാര്‍ഹീകപീഡനം എന്നീ കുറ്റങ്ങളാണുള്ളത്.
പ്രതി കിരണ്‍കുമാറിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് വിസ്മയയുടെ മരണം നടന്ന് തൊണ്ണൂറ് ദിവസത്തിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രതിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ത്തന്നെ വിചാരണയ്ക്ക് വിധേയനാക്കണമെന്ന അപേക്ഷയും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിക്കും. മൂന്നു തവണ കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
