നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു ; അന്ത്യം ഹൃദയാഘാതം മൂലം

പ്രശസ്ത സിനിമാ- സീരിയല്‍ താരം കോട്ടയം പ്രദീപ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കോട്ടയം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടില്‍നിന്ന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നു. കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയശേഷം അദ്ദേഹത്തിന്റെ മൃതദേഹം കുമാരനല്ലൂരിലെ വസതിയില്‍ എത്തിച്ചു. സംസ്‌കാരം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍.
കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയായ കോട്ടയം പ്രദീപ് കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും ബസേലിയസ് കോളേജിലും കോ-ഓപ്പറേറ്റീവ് കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 മുതല്‍ എല്‍ഐസി ഉദ്യോഗസ്ഥനായി. പത്താം വയസ്സില്‍ എന്‍ എ ന്‍ പിള്ളയുടെ’ ഈശ്വരന്‍ അറസ്റ്റില്‍’ എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ചു. നാല്‍പ്പത് വര്‍ഷമായി നാടകത്തില്‍ സജീവമാണ്.വളരെ അവിചാരിതമായാണ് കോട്ടയം പ്രദീപ് സിനിമയിലെത്തുന്നത്. അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ടെന്ന് അറിഞ്ഞ് മകനോടൊപ്പം സെറ്റില്‍ എത്തിയപ്പോഴാണ് സീനിയര്‍ റോളില്‍ അച്ഛനായ പ്രദീപിന് ടെലിവിഷനില്‍ അവസരം ലഭിക്കുന്നത്. ഐ വി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് കോട്ടയം പ്രദീപ് സിനിമാജീവിതം ആരംഭിച്ചത്. വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് എന്ന സിനിമയില്‍ അഭിനയിച്ചതോടുകൂടി കോട്ടയം പ്രദീപ് മലയാളത്തിലെ മിക്ക സിനിമയുടേയും ഭാഗമായി. അനവധി തമിഴ് സിനിമകളിലും ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *