ഡല്‍ഹിയില്‍ അതിശക്തമായ മഴ ; വിമാനത്താവളം വെള്ളത്തില്‍ മുങ്ങി;നിരവധി വീടുകളില്‍ വെള്ളം കയറി

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമടക്കം വെള്ളത്തില്‍ മുങ്ങി. 46 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഇത്തവണത്തേതെന്നും കാലാവസ്ഥാവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ശനിയാഴ്ച വരെയുള്ള കണക്കില്‍ ഈ വര്‍ഷം 1136.6 മില്ലീമീറ്റര്‍ മഴ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.

ജൂണ്‍ ഒന്നിനു തുടങ്ങി സെപ്റ്റംബര്‍ 11 വരെ നീളുന്നതാണ് സാധാരണയുള്ള മഴക്കാലം. ഇത്തവണ സെപ്റ്റംബര്‍ 25-നു മാത്രമേ മഴക്കാലം അവസാനിക്കൂവെന്നാണ് പ്രവചനം. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐ.ടി.ഒ. അടക്കമുള്ള നഗരമേഖലകള്‍ വെള്ളത്തില്‍ മുങ്ങി. ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഔട്ടര്‍ ഡല്‍ഹി മേഖലകളില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ടായതിനെത്തുടര്‍ന്ന് ഒട്ടേറെ വീടുകളിലേക്ക് മഴവെള്ളം കയറി. വൈകീട്ട് വരെ മഴ തുടര്‍ന്നെങ്കിലും ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

സ്‌പൈസ് ജെറ്റിന്റെ രണ്ടും, ഇന്‍ഡിഗോ, ഗോ ഫസ്റ്റ് എന്നിവയുടെ ഓരോ വിമാനം വീതവും ഡല്‍ഹിയില്‍ ഇറക്കാതെ ജയ്പുരിലേക്കു വഴി തിരിച്ചുവിട്ടു. ദുബായില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാനം ഡല്‍ഹിയിലിറങ്ങാനാവാതെ അഹമ്മദാബാദിലേക്ക് പറന്നു. ഒട്ടേറെ വിമാനങ്ങള്‍ വൈകി സര്‍വീസ് നടത്തിയതായും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *