തിരുവനന്തപുരം: കെ-റെയിൽ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ഇനി കല്ലിടില്ല. പകരം ജിപിഎസ് സംവിധാനത്തിലൂടെ സർവേ നടത്താനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കി.
കല്ലിടൽ നടന്നപ്പോഴുണ്ടായ സംഘർഷങ്ങൾ കൂടി കണക്കിലെടുത്താണ് ജിപിഎസ് സംവിധാനം ഉപയോഗിച്ച് സർവേ നടത്താനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. ഇതിലൂടെ പ്രതിക്ഷേധങ്ങൾ ഒരു പരിധിവരെ തണുപ്പിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കല്ലിടൽ സമയത്തുള്ള സംഘർഷങ്ങൾ മറികടക്കാൻ പോലീസിന്റെ സഹായം ലഭ്യമാകുന്നില്ലെന്നും ബദൽ മാർഗങ്ങൾ വേണമെന്നുമുള്ള ആവശ്യം കെ-റെയിൽ നേരത്തെ മുന്നോട്ടുവച്ചിരുന്നു. ഈ ബുദ്ധിമുട്ടുകൾ കൂടി കണക്കിലെടുത്താണ് കല്ലിടൽ പൂർണമായും നിർത്തി പകരം ജിപിഎസ് സംവിധാനത്തിലുള്ള സർവേയിലേക്ക് മാറുന്നത്.
