വട്ടിയൂര്‍ക്കാവിലെ ലൈബ്രറികള്‍ക്കായി വി.കെ പ്രശാന്ത് എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും ചെലവഴിച്ചത് ഒന്നേകാല്‍ കോടി രൂപ

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് അമ്പലംമുക്ക് ജി.എസ്.എസ് നഗര്‍ ഗ്രാമസേവ സമിതി ലൈബ്രറിക്കായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂലൈ 28 ന് നടത്തും. എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്ന ലൈബ്രറി കെട്ടിടങ്ങളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 16.5 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്ന വേട്ടമുക്ക് ലൈബ്രറിയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ ജൂലൈ 18 ന് ഉദ്ഘാടനം ചെയ്യും.

പാതിരപ്പള്ളി വാര്‍ഡിലെ ജനതാ ലൈബ്രറിക്കായി 25 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. വട്ടിയൂര്‍ക്കാവ് സാഹിത്യ പഞ്ചാനനന്‍ സ്മാരക ലൈബ്രറി 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചു. അവിടെ ലിഫ്റ്റ് സൗകര്യം കൂടി എം.എല്‍.എ ഫണ്ടില്‍ നിന്നും തന്നെ ലഭ്യമാക്കുമെന്ന് വി.കെ പ്രശാന്ത് എം.എല്‍.എ അറിയിച്ചു.

കുടപ്പനക്കുന്ന് ക്യാപ്റ്റന്‍ വി.പി തമ്പി സ്മാരക ഗ്രന്ഥശാല കെട്ടിടത്തിന്റെ ഒന്നാം നില നിര്‍മ്മിക്കുന്നതിനും നവീകരണ പ്രവൃത്തികള്‍ക്കുമായി 26 ലക്ഷം രൂപയാണ് എം.എല്‍.എ ഫണ്ടില്‍ നിന്നും ചെലവഴിച്ചത്. കഴിഞ്ഞ 4 വര്‍ഷക്കാലത്തിനുള്ളില്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ ലൈബ്രറികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും 1.22 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതിനുപുറമെ മണ്ഡലത്തിലെ 23 ലൈബ്രറികള്‍ക്ക് കാനറാ ബാങ്കിന്റെ സഹായത്തോടെ കമ്പ്യൂട്ടറുകള്‍ അനുവദിച്ചു.

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 2 എഡിഷനുകളില്‍ നിന്നായി ഗ്രന്ഥശാലകള്‍ക്കും സ്‌കൂള്‍/കോളേജ് ലൈബ്രറികള്‍ക്കുമായി 6 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ ലഭ്യമാക്കി.
അവലോകന യോഗത്തില്‍ നഗരസഭ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജീവ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ കൃഷ്ണകുമാര്‍, കോസ്റ്റ്‌ഫോഡിന്റെ കോഓര്‍ഡിനേറ്റര്‍ അഖില്‍ കൃഷ്ണന്‍, വിവിധ ലൈബ്രറികളെ പ്രതിനിധീകരിച്ച് കലാധരന്‍, ഹരികുമാര്‍, എം.തങ്കപ്പന്‍, എസ് കുമാര്‍, എസ് ശ്യാമളന്‍, ആര്‍ എസ് രഞ്ചു, അഡ്വ. എസ് രമണന്‍, കെ വിജയകുമാരന്‍ നായര്‍, ആനന്ദന്‍ കെ.എന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *