ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ കൗണ്‍സിലിങിന്റെ പ്രധാന്യം ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് എന്ന തിരിച്ചറിവാണ് മനശാസ്ത്ര വിദഗ്ധയാകുന്നതിന് ഡോ. അഞ്ചുലക്ഷ്മിയെ പ്രേരിപ്പിച്ചത്. എന്നാല്‍ അഞ്ചുലക്ഷ്മി പിന്നീട് നേരിട്ടത് ഏറെ പ്രതിസന്ധികളാണ്. ഒപ്പം ജോലി ചെയ്തവര്‍ പോലും കൈവിട്ട അവസ്ഥയിലും തന്റെ മനോധൈര്യം തന്നെയാണ് ഇന്ന് എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ‘സംസൃത’ എന്ന കൗണ്‍സിലറിംഗ് സെന്ററിന്റെ ഉടമ എന്ന നിലയിലേക്ക് അഞ്ചുലക്ഷ്മിയെ എത്തിച്ചത്.

കൗണ്‍സിലിങ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ആശ്വാസവും സമാധാനവുമാണ് മനസ്സില്‍ വരുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം കൈവരിക്കാന്‍ ഏതൊരാള്‍ക്കും ചില ഘട്ടത്തില്‍ കൈത്താങ്ങായി കൗണ്‍സിലിങ് എത്താറുണ്ട്. മരണത്തിന്റെ വക്കോളമെത്തിയ വ്യക്തികള്‍, പിരിയാന്‍ തുടങ്ങുന്ന ദാമ്പത്യങ്ങള്‍, വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ പരാജയമെന്നു മുദ്രകുത്തപ്പെട്ടവര്‍.. അങ്ങനെ നിരവധി ജീവിതങ്ങള്‍ കൗണ്‍സിലിങ്ങിലൂടെ ആശ്വാസത്തിന്റെയും വിജയത്തിന്റെയും കരയില്‍ എത്തിപ്പെട്ടിട്ടുണ്ട്.
പഠനകാലത്ത് സാമ്പത്തികശാസ്ത്രമായിരുന്നു അഞ്ചു ലക്ഷ്മിയുടെ വിഷയം. എന്നാല്‍ പിന്നീടാണ് തന്റെ അഭിരുചി അതില്‍ അല്ലെന്ന് മനസ്സിലാക്കി, മനശാസ്ത്രത്തിലേക്ക് തിരിഞ്ഞത്. പഠനശേഷം ജോലിക്ക് കയറിയ സ്‌കൂളില്‍ നിന്നാണ് ആദ്യത്തെ കയ്‌പേറിയ അനുഭവം ഉണ്ടായത്. സ്വന്തമായി ഒരു കൗണ്‍സിലിംഗ് മുറി പോലും ഇല്ലാത്ത അവസ്ഥ… പടിക്കെട്ടുകളും വിറകുപുരയുമായിരുന്നു ആശ്രയം. എങ്കിലും അവിടെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് സൂക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന് കാരണം ചൂണ്ടിക്കാട്ടി സഹപ്രവര്‍ത്തകര്‍ അടക്കം തള്ളി പറഞ്ഞു.

ജീവിതത്തില്‍ തളരാന്‍ മനസില്ലാത്തതിനാല്‍ത്തന്നെ മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. അങ്ങനെ ജനങ്ങളിലേക്ക് കൂടുതല്‍ എത്തുക എന്ന ലക്ഷ്യത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം തെരഞ്ഞെടുത്തു. അതുവഴി ആളുകള്‍ തേടി വരാന്‍ തുടങ്ങിയതോടെയാണ് ‘സംസൃത’ എന്ന കൗണ്‍സിലിംഗ് സെന്റര്‍ ആരംഭിക്കുന്നത്.
2010 മുതല്‍ സോഷ്യല്‍ വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കോവിഡ് കാലത്ത് പോലും പ്രതിസന്ധികള്‍ തരണം ചെയ്ത് തന്റെ ജോലി അതിന്റെ എല്ലാ പൂര്‍ണതയോടെയും നിര്‍വഹിക്കാന്‍ അഞ്ചുവിന് സാധിച്ചു. തന്റെ പ്രവര്‍ത്തനങ്ങളെ ആളുകളിലേക്ക് എത്തിക്കുവാന്‍ അഞ്ചുവിന് പൂര്‍ണ പിന്തുണ നല്‍കുന്നത് മാതാപിതാക്കളും അധ്യാപകരും സുഹൃത്തുക്കളും തന്നെയാണ്.


 
                                            