ഗീതു മോഹന്‍ദാസ് ചിത്രത്തില്‍ നിന്നും പിന്‍മാറി ‘കരീന കപൂര്‍’ പകരം എത്തുന്നത് ‘നയന്‍താര’

നടിയും സംവിധായകയുമായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടോക്സിക്ക്. യാഷാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്. കുറച്ചു നാളുകളായി ചിത്രം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ചിത്രത്തിൻ്റെ കാസ്റ്റിംഗ് സംബന്ധിച്ച് കാര്യമായ വാര്‍ത്തകള്‍ ഒന്നും പുറത്തുവന്നിരുന്നില്ല. സിനിമയിൽ മൂന്ന് മുൻനിര നായികമാർ അണിനിരക്കുമെന്നാണ് പറഞ്ഞിരുന്നു. കരീന കപൂർ ഖാൻ, കിയാര അദ്വാനി എന്നിവരും മറ്റൊരു പ്രധാന നടിയും ചിത്രത്തില്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിൽ യാഷിന്‍റെ സഹോദരിയായാണ് കരീന അഭിനയിക്കുകയെന്നായിരുന്നു സൂചനകള്‍ എന്നാല്‍ കരീന ഈ വേഷത്തില്‍ നിന്നും പിന്‍മാറിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അതെസമയം സംവിധായിക ഗീതു മോഹൻദാസ് നയൻതാരയെ ചിത്രത്തില്‍ എത്തിക്കാന്‍ ശ്രമം നടത്തുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഗീതു മോഹൻദാസ്, യാഷ് എന്നിവരുമായി ഒന്നിലധികം കൂടിക്കാഴ്ചകൾ നയന്‍താര നടത്തുകയും ചെയ്തുവെന്നാണ് വിവരം. ഗീതു മോഹൻദാസ് എഴുതിയ വേഷത്തില്‍ നയൻതാരയ്ക്ക് മതിപ്പുണ്ടെന്നും അതിനാൽ പ്രതിഫലം അടക്കം എല്ലാം ശരിയായാൽ അവർ ഈ ഓഫർ സ്വീകരിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം തന്നെയാണ് കരീന കപൂർ ഖാൻ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം സിനിമയിൽ നിന്ന് പിന്മാറിയതായും റിപ്പോര്‍ട്ട് വന്നത്. യാഷിന്‍റെ സഹോദരി വേഷത്തിലേക്കാണ് കരീനയെ പരിഗണിച്ചതെങ്കിലും ഷെഡ്യൂളിന് ഡേറ്റ് പ്രശ്നം വന്നതോടെയാണ് കരീന സൗഹൃദപൂര്‍വ്വം പിന്‍മാറിയത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!