എണ്ണിയാലൊടുങ്ങാത്ത വര്‍ണക്കൂട്ടുകള്‍ കാന്‍വാസില്‍ പകര്‍ത്തി ശ്രദ്ധേയയായ കലാകാരിയാണ് ഗീത് കാര്‍ത്തിക. ആസ്വാദകരുടെ കണ്ണില്‍ വിസ്മയം തീര്‍ക്കുന്നവയാണ് ഗീത് കാര്‍ത്തികയുടെ ചിത്രങ്ങള്‍. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന നിരവധി ചിത്രങ്ങളാണ് ഈ കലാകാരിയുടെ വിരല്‍ത്തുമ്പില്‍ നിന്നു ഇതിനോടകം പിറവിയെടുത്തത്. അതൊടൊപ്പം, ചിത്രകലയുടെ പല മേഖലകളിലും കൈവച്ച് വിജയിച്ച വ്യക്തി കൂടിയാണ് ഗീത് കാര്‍ത്തിക.
2011ല്‍ തിരുവനന്തപുരം മ്യൂസീയം ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച് നടത്തിയ എക്‌സിബിഷനായിരുന്നു ഗീത് കാര്‍ത്തിക എന്ന കലാകാരിയുടെ ജൈത്രയാത്രയുടെ തുടക്കം. പിന്നീട് 2012 ല്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍, ഡല്‍ഹി, കോവളം ആര്‍ട്ട് ഗ്യാലറി എക്‌സിബിഷനുകള്‍, വൈലോപ്പിളളിയില്‍ വെച്ച് നടത്തിയ സൂര്യ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍, കേരള പൈതൃകത്തെ മുന്‍നിര്‍ത്തി ടൂറിസം വിഭാഗത്തിന്റെ അഭിമുഖ്യത്തില്‍ കനകക്കുന്ന് കൊട്ടാരത്തില്‍ നടത്തിയ എക്‌സിബിഷന്‍ എന്നിവ ഗീത് കാര്‍ത്തികയുടെ ചിത്രങ്ങള്‍ക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു.

ലളിതകല അക്കാദമിയില്‍ വെച്ച് നടത്തിയ നാഷണല്‍ വിഭാഗത്തിലെ ചിത്രകല എക്‌സിബിഷനിലും സ്പന്ദന്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവലും ഗീത് കാര്‍ത്തികയുടെ കലാജീവിതത്തില്‍ വേറിട്ട അനുഭവമായി. കഴിഞ്ഞ വര്‍ഷം ദുബായി ഗ്ലോബല്‍ വില്ലേജില്‍ നടത്തിയ ആര്‍ട്ട് ഗ്യാലറിയും അതിലെ എക്‌സിബിഷനും അവരുടെ ജീവിതത്തിലെ വേറിട്ട അനുഭവമായിരുന്നു.
നമ്മുടെ ചരിത്രത്തെയും പാരമ്പര്യത്തെയും ഉയര്‍ത്തിക്കാട്ടുന്നതിനു വലിയ പങ്കാണ് ഗീത് കാര്‍ത്തിക വഹിക്കുന്നത്. തന്റെ വരകളിലൂടെ ശ്രദ്ധിക്കപ്പെടേണ്ട പല വിഷയങ്ങളും വിദേശികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും കലാപരമായ കഴിവിന് ഇടം നല്‍കാനും അവര്‍ക്ക് കഴിഞ്ഞു. കൂടാതെ വിവിധ രാജ്യങ്ങളിലെ എക്‌സിബിഷനുകളിലൂടെ മാറുന്ന അഭിരുചികളും അറിവുകളും നേടുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. ഒപ്പം കണ്ടംപററി എക്‌സിബിഷനുകളും എടുത്തു പറയേണ്ടതാണ്. ഈ പരിശ്രമത്തിന്റെയും കഠിനാധ്വനത്തിന്റെയും അംഗീകാരമായി, 2016 ല്‍ വോയിസ് ഓഫ് ഗള്‍ഫ് റിട്ടേണീസ് എക്‌സലന്‍സ് അവാര്‍ഡ്, 2017 ല്‍ മാഹ ധന്വന്ദരി അവാര്‍ഡ് എന്നിവയും ഗീത് കാര്‍ത്തികയെ തേടിയെത്തി.

ഗീത് കാര്‍ത്തിക കൈവച്ച അടുത്ത മേഖല സിനിമയിലെ കലാസംവിധായിക എന്നതായിരുന്നു. 2022 ല്‍ ഏഴ് ഭൂഖണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി ഓസ്‌ട്രേലിയന്‍ സംവിധായകനായ ജോയ് കെ മാത്യുവിന്റെ ‘ടുമാറോ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ഇന്ന് വനിതാ കലാസംവിധായകയുടെ പേരെടുത്ത് നോക്കിയാല്‍ അതില്‍ മുന്‍നിരയില്‍ എത്തി നില്‍ക്കുകയാണ് ഗീത് കാര്‍ത്തിക. ഏതു മേഖലയിലായാലും അതിനെ കുറിച്ച് ആഴത്തില്‍ അറിയാനുള്ള ആഗ്രഹം തന്നെയാണ് ഗീത് കാര്‍ത്തികയെ എവിടെയും മുന്നില്‍ നിര്‍ത്തുന്നത്.
സാമൂഹിക വെല്ലുവിളികളെയും അസമത്വങ്ങളെയും നേരിടുകയും ആഗോളതലത്തില്‍ സ്ത്രീകളുടെ ആജീവനാന്ത വിമോചനത്തിനായി വാദിക്കുകയും ചെയ്യുമെങ്കിലും ഇന്നും സ്ത്രീകള്‍ സ്വന്തമായി എന്തെങ്കിലും ചെയ്യുമ്പോള്‍ വിമര്‍ശിക്കുന്നവര്‍ തന്നെയാണ് ഏറെയും. എങ്കിലും ഒരു വീട്ടമ്മയില്‍ നിന്ന് ചിത്രകാരി, സംരംഭക, കലാസംവിധായക എന്നീ നിലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗീത് കാര്‍ത്തികയുടെ വിജയകഥ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. പുതിയ ചില തുടക്കങ്ങള്‍ക്കായുള്ള ഒരുക്കത്തിലാണ് ഈ കലാകാരി.

 
                                            