ബിയർ പോലെ കിക്ക് ആകാൻ ആൽക്കഹോൾ ലൈറ്റ് വരുന്നു

ആല്‍ക്കഹോള്‍ കുറഞ്ഞ പാനീയങ്ങള്‍ പുറത്തിറക്കാന്‍ അനുവദിക്കുന്ന പുതിയ വിഭാഗം അനുവദിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. 0.5 ശതമാനം മുതല്‍ 8 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ ആണ് ഇനി ആല്‍ക്കഹോള്‍ ലൈറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വിപണനം ചെയ്യാന്‍ ആകുക. ഇത്തരം പാനീയങ്ങള്‍ നിര്‍മിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള മാനദണ്ഡങ്ങള്‍, ഘടന എന്നിവയും സ്വീകരിക്കേണ്ട സുരക്ഷാ നടപടികളും വ്യക്തമാക്കിയിട്ടുണ്ട്. മദ്യം, ബിയര്‍, വൈന്‍ എന്നിവക്ക് പുറമെയുള്ള പുതിയ വിഭാഗമാണിത്.

2018 മുതല്‍, ലഹരിപാനീയങ്ങള്‍ക്കായുള്ള ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ നിലവിലുണ്ടായിരുന്നു. എങ്കിലും പുതിയതായി ആല്‍ക്കഹോള്‍ കുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ നിര്‍വചനവും സുരക്ഷയും കൂടെ ഇതില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.നിലവിലുള്ള നയത്തില്‍ ഭേദഗതിയാണ് എഫ്എസ്എസ്എഐ നിര്‍ദേശിച്ചിരിക്കുന്നത്. നിലവിലുള്ള പാനീയങ്ങളുടെ മറ്റ് നിര്‍വചനങ്ങളില്‍ മാറ്റമില്ല. ഇതേ വിജ്ഞാപനത്തില്‍ തന്നെ ഇന്ത്യന്‍ മദ്യം എന്തായിരിക്കണമെന്നും നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരം ലഹരിപാനീയങ്ങള്‍ സ്പിരിറ്റ്, സ്പിരിറ്റ് മിശ്രിതം അല്ലെങ്കില്‍ മറ്റ് ലഹരിപാനീയങ്ങളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. അവ പ്രകൃതിദത്തമായ ഉല്‍പ്പന്നങ്ങളില്‍ നിന്നാകാം. കൃത്രിമ രുചികള്‍, അനുവദനീയമായ മറ്റ് വസ്തുക്കള്‍ ചേര്‍ന്ന് നിര്‍മിക്കുന്നതുമാകാം. പഞ്ചസാരയോ ഉപ്പോ ചേര്‍ത്തോ അല്ലാതെയോ പഴം ,പച്ചക്കറി ജ്യൂസുമായി കലര്‍ത്തിയും കാര്‍ബണേറ്റഡ് ആല്‍ക്കഹോള്‍ പാനീയങ്ങള്‍ നിര്‍മിക്കാന്‍ ആകും.

കുറഞ്ഞ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളും റെഡി-ടു ഡ്രിങ്ക് ഉല്‍പ്പന്നങ്ങളും തരം തിരിക്കുന്നത് ഈ മേഖലയിലെ വില്‍പ്പന നടപടികള്‍ എളുപ്പമാക്കുമെന്ന് വ്യവസായികള്‍ പറയുന്നു.റെഡി-ടു-ഡ്രിങ്ക് ഉല്‍പ്പന്നങ്ങളുടെ പ്രത്യേക വിഭാഗം തിരിച്ചറിയാനും ഇത് സഹായിക്കും

Leave a Reply

Your email address will not be published. Required fields are marked *