നടൻ മധുവിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ

മലയാള സിനിമയുടെ കാരണവർ എന്ന വിശേഷണത്തിന് അർഹനായ നടൻ മധുവിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാളാണ്. എം.എൻ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാൽപ്പാടുകളായിരുന്നു ആദ്യ ചിത്രം. നായക പരിവേഷത്തിൽ മിന്നിത്തിളങ്ങുമ്പോൾ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ വില്ലൻ വേഷം ചെയ്താണ് മധു മലയാള സിനിമയെ ഞെട്ടിച്ചത്.

പിന്നീടങ്ങോട്ട് വിരഹത്തിന്റെ മുഖമായിരുന്ന ചെമ്മീനിലെ പരീക്കുട്ടി, ഭാർഗ്ഗവീനിലയത്തിലെ സാഹിത്യകാരൻ , സ്വയംവരത്തിലെ വിശ്വം മധുവിലെ അഭിനയ പാടവം വെളിവാക്കുന്ന കഥാപാത്രങ്ങളിൽ ചിലത് മാത്രം. ഓളവും തീരവും, ഉമ്മാച്ചു,ഇതാ ഇവിടെവരെ, ഏണിപ്പടികൾ, ഒറ്റയടിപ്പാതകൾ നാടുവാഴികൾ,സ്പിരിറ്റ്‌ തുടങ്ങിയ കലാമൂല്യമുള്ള സിനിമകളിലും കച്ചവടവിജയ ചിത്രങ്ങളിലും നായകനായും, സഹനടനായും, വില്ലനായുമൊക്കെ മധു തിളങ്ങി.

സംവിധായകൻ, നിർമ്മാതാവ്‌ എന്നീ പതിവുകൾക്കും മീതെ ഒരു സ്റ്റുഡിയോ സ്ഥാപിക്കുന്നതിൽ വരെയെത്തിനിന്നു അദ്ദേഹത്തിന്റെ സിനിമാക്കമ്പം. പന്ത്രണ്ടോളം സിനിമകൾ സംവിധാനം ചെയ്ത മധു പതിനാറോളം ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അധ്യാപന ജോലിയുടെ ചുമതലകളിൽ നിന്ന് മധുവിനെ സ്കൂൾ ഓഫ് ഡ്രാമയിലെത്തിച്ചത്. തുടർന്ന് അമിതാഭ് ബച്ചനൊപ്പം സാഥ് ഹിന്ദുസ്ഥാനിയിലൂടെ അരങ്ങേറ്റം കുറിച്ചു. വർഷങ്ങളുടെ സിനിമ ജീവിതത്തിൽ നിന്ന് ഇന്ന് അദ്ദേഹം വിശ്രമ ജീവിതത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *