വട്ടിയൂര്‍ക്കാവ് എം.എല്‍എ അഡ്വ. വി കെ പ്രശാന്തിന്റെ വികസന കാഴ്ചപ്പാടിലൂടെ ഒരു യാത്ര…
ഒരു നാട് മാറുകയാണ്… നാടിനൊപ്പം അവിടുത്തെ യുവതലമുറയും… രമ്യഹര്‍മങ്ങളുടെ നിര്‍മാണമാണ് വികസനമെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് മുന്നില്‍ പുതിയൊരു വികസന മാതൃകയൊരുക്കി, വട്ടിയൂര്‍ക്കാവ് എന്ന പ്രദേശം മാറുകയാണ്. വ്യക്തമായ വികസനകാഴ്ചപ്പാടുമായി, ആബാലവൃദ്ധം ജനങ്ങളെയും കൂടെനിര്‍ത്തി, സമൂഹത്തിന്റെ നട്ടെല്ലായ യുവജനതയെ ശാക്തീകരിച്ചു, തൊഴിലില്ലായ്മയെ പടിയ്ക്ക് പുറത്താക്കാന്‍ പുത്തന്‍ സംരംഭസാധ്യതകള്‍ കണ്ടെത്തി, ചടുലമായ പ്രവര്‍ത്തനങ്ങളുമായി യുവത്വത്തിന്റെ പ്രസരിപ്പുമായി, വട്ടിയൂര്‍ക്കാവിന്റെ സ്വന്തം എം.എല്‍.എ അഡ്വ. വി കെ പ്രശാന്ത് പുതുചരിത്രമെഴുതുന്നു…!

തിരുവനന്തപുരം നഗരസഭയുടെ പിതാവായി പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരത്തിലും കൃത്യമായ ദിശയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി കയ്യടി നേടിയ വ്യക്തിയാണ് അദ്ദേഹം. അധികാരത്തിന്റെ തേന്‍മധുരം നുണഞ്ഞ് ഫയലുകള്‍ക്കിടയില്‍ ഒതുങ്ങാതെ, തന്റെ ജീവനക്കാരോടും ജനങ്ങളോടും ഒപ്പം ചേര്‍ന്ന്, തന്റെ പിന്നാലെ എത്തുന്നവര്‍ക്കു മാതൃകയായി മാറുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനാണ് ആ മേയര്‍ ശ്രമിച്ചത്. അങ്ങനെ ‘മേയര്‍ ബ്രോ’ എന്ന പട്ടം ജനം അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തു. ജനങ്ങളെ സ്‌നേഹിച്ചും സഹായിച്ചും ജനത്തിന്റെ കണ്ണുനീരൊപ്പിയും തിരുവനന്തപുരം നഗരസഭയെ നാലു വര്‍ഷങ്ങള്‍ നയിച്ചു.
ആ ഭരണപാടവവും ജനപ്രീതിയും തന്നെയാണ് 2019 ല്‍ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണി സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ പരിഗണിക്കാന്‍ ഇടയായതും. 14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി കെ പ്രശാന്ത് വിജയിച്ചു മുന്നേറിയത്. 2021 ലെ തെരഞ്ഞെടുപ്പില്‍, വീണ്ടും 21,515 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വട്ടിയൂര്‍ക്കാവിന്റെ പ്രതിനിധി !

ദീര്‍ഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാല്‍ ഒരു നിശബ്ദ വിപ്ലവം തന്നെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളോടൊപ്പം കൈകോര്‍ത്ത് നിരവധി പദ്ധതികള്‍ അദ്ദേഹം നടപ്പില്‍ വരുത്തിയിട്ടുണ്ട്. അത്തരം പദ്ധതികള്‍ പുതിയ സംരംഭ സാധ്യതകളും നിരവധി തൊഴില്‍ അവസരങ്ങളും സൃഷ്ടിച്ചുവെന്നത് അഭിമാനകരമായ വസ്തുതയാണ്. വ്യക്തമായ ദിശാബോധവും യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള വികസന കാഴ്ചപ്പാടുകളുമാണ് അഡ്വ. വി കെ പ്രശാന്തിനെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ ചിന്താഗതിയിലൂടെ നമുക്കും ഒന്ന് സഞ്ചരിക്കാം…
വട്ടിയൂര്‍ക്കാവിന്റെ പുതിയ വികസന പദ്ധതികളെ കുറിച്ച് വിശദീകരിക്കാമോ?
വിവിധ പദ്ധതികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, റോഡുകള്‍, ജംഗ്ഷനുകള്‍, പൊതു ഇടങ്ങള്‍ എന്നിവയുടെ വികസനത്തിനായി കിഫ്-ബി, എംഎല്‍എ ഫണ്ട് എന്നിവയില്‍ നിന്ന് 1800 കോടിയുടെ പദ്ധതിയാണ് അനുവദിച്ചിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസനത്തിനായി 820 കോടി, പുനരധിവാസ ഭൂമി ഏറ്റെടുക്കലിന് 86 കോടി, റിഹാബിലിറ്റേഷന്‍ കോംപ്ലക്‌സിനായി 69 കോടി, ജനറല്‍ ഹോസ്പിറ്റല്‍, മാനസിക ആരോഗ്യ കേന്ദ്രം എന്നിവയുടെ വികസനവും നടത്തിവരുന്നു. അതോടൊപ്പം വര്‍ഷങ്ങളായി പൂര്‍ത്തിയാകാതെ കിടന്ന കുലശേഖരം പാലത്തിന്റെ നിര്‍മാണ് പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. ഉടന്‍ തന്നെ മറ്റ് പദ്ധതികളും പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ്.

നമ്മുടെ നാട്ടിലെ മാലിന്യ സംസ്‌കരണം എത്രത്തോളം വിജയകരമായി പ്രാവര്‍ത്തികമാകുന്നുണ്ട്?
2011 ലാണ് വിളപ്പില്‍ശാല പ്ലാന്റ് പൂട്ടുന്നത്. മാലിന്യ സംസ്‌കരണ പ്ലാന്റുകളുള്ള കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളെക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്ന ആശയമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഡിസ്‌പോസിബിള്‍ സാധനങ്ങള്‍, പ്ലാസ്റ്റിക് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഒരു പരിധി വരെ മാലിന്യം കുറയ്ക്കാന്‍ സാധിക്കും. ജനങ്ങളും ഇതിനോട് നല്ല രീതിയില്‍ തന്നെ സഹകരിക്കുന്നുണ്ട്. അതോടൊപ്പം സ്മാര്‍ട്ട്‌സിറ്റിയുടെ ഭാഗമായി പാളയത്ത് പ്ലാന്റ് ആരംഭിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്.
എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന ഒന്നാണ് കുടിവെള്ള പ്രശ്‌നം. അതിനൊരു പരിഹാരം ?
നിലവില്‍ അരുവിക്കരയില്‍ നിന്നുമാണ് പ്രധാനമായും വെള്ളം ലഭിക്കുന്നത്. വെള്ളായണി കായലിലെ വെള്ളവും ശുദ്ധീകരിച്ച് ഉപയോഗിക്കുന്നുണ്ട്. അതുപോലെ വേളി, നെയ്യാര്‍ എന്നീ ഉറവിടങ്ങളും ഇതിനുവേണ്ടി ഉപയോഗിക്കാനുള്ള ആലോചന നടക്കുന്നുണ്ട്. വിഷയം നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ട്. താമസിയാതെ, ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ കഴിയും.

യുവാക്കളെ ശാക്തീകരിക്കുന്നതിനായി താങ്കള്‍ തുടക്കമിട്ട വൈബ് എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍?
രണ്ട് പ്രസ്ഥാനങ്ങളാണ് നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഒന്ന്
വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ പ്പറേറ്റീവ് സൊസൈറ്റിയും രണ്ട് വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് ചാരിറ്റബിള്‍ സൊസൈറ്റിയും.
വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി : സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനമാണ്. യുവാക്കളില്‍ സംരംഭകത്വ ശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. വൈബ് കഫേ, വൈബ് ഐടി, വൈബ് ഹെല്‍ത്ത് തുടങ്ങി നിരവധി ഡിവിഷനുകള്‍ ഇതിനുണ്ട്.
വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് ചാരിറ്റബിള്‍ സൊസൈറ്റി : വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ വേണ്ടി ആരംഭിച്ച സംഘടനയാണ് വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് ചാരിറ്റബിള്‍ സൊസൈറ്റി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നു. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കുക, ഉന്നതവിദ്യാഭ്യാസം നേടുന്നവരെ പ്രോത്സാഹിപ്പിക്കുക, വീല്‍ച്ചെയറുകള്‍ നല്കുക, ആശുപത്രികള്‍ക്ക് കിടക്കകള്‍ സംഭാവന ചെയ്യുക എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്നു.

വയനാട് ദുരന്തത്തിന്റെ ഭാഗമായി ‘നൂറു രൂപ ചലഞ്ച്’ എന്ന് പദ്ധതിയെ കുറിച്ച് പറയാമോ?
ദുരന്തഭൂമിയില്‍ സാധനങ്ങളുടെ ആവശ്യം മതിയായി എന്ന് മുഖ്യമന്ത്രി പറഞ്ഞതോടെയാണ് ദുരിതാശ്വാസത്തിന്, പണം നല്‍കാം എന്ന് തീരുമാനിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ നായരാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എല്ലാ അസോസിയേഷനുകളും പദ്ധതി ഏറ്റെടുക്കുകയും നല്ല രീതിയിലുള്ള സംഭാവനകള്‍ നല്‍കി വിജയിപ്പിക്കുകയും ചെയ്തു.
നവകേരള സൃഷ്ടിയെ കുറിച്ചുള്ള ആശയത്തെക്കുറിച്ചും അടുത്ത 20 വര്‍ഷത്തേക്ക് എന്തൊക്കെ മാറ്റങ്ങളാണ് മുന്നില്‍ കാണുന്നത്?
കേരളത്തിന്റെ വികസനങ്ങള്‍ എല്ലാ ഇടങ്ങളിലും എത്തിക്കാനാണ് നവ കേരള ശ്രമിക്കുന്നത്. ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടുത്തെക്കാള്‍ മികച്ച രീതിയിലുള്ള ജീവിത നിലവാരമാണ് കേരളത്തിലുള്ളത്. മികച്ച വിദ്യാഭ്യാസം, ആരോഗ്യ നിലവാരം, മികച്ച ഭൗതിക സാഹചര്യം… ഇതൊക്കെയാണ് കേരളത്തിന്റെ ലക്ഷ്യം. ഇതിനായി യുവതലമുറയും പ്രയത്‌നിക്കേണ്ടതുണ്ട്.
വളര്‍ന്നുവരുന്ന തലമുറയ്ക്ക് നല്‍കാന്‍ കഴിയുന്ന ഉപദേശം ?
തീര്‍ച്ചയായും നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ മറ്റേത് രംഗത്തെ പോലെ രാഷ്ട്രീയത്തിലും ഇറങ്ങണം എന്നാണ് പറയാനുള്ളത്. ആര്‍ജവമുള്ള യുവാക്കള്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകണം. പുതിയ ആശയങ്ങളും വികസന സ്വപ്‌നങ്ങളും ഉണ്ടാകണം. പുറത്തു നില്‍ക്കാതെ അകത്തേക്ക് വന്നു നമ്മുടെ നാടിനായി മാറ്റങ്ങള്‍ കൊണ്ടുവരുകയും വേണം. നമ്മുടെ നാടിന്റെ ഭാവി യുവതലമുറയുടെ കയ്യിലാണ്. നമ്മുടെ നാട് ഇനിയും ഒത്തിരി ദൂരം മുന്നോട്ടു പോകാനുണ്ട്.

രാഷ്ട്രീയത്തിലേക്കുള്ള താങ്കളുടെ കടന്നുവരവ് എങ്ങനെയായിരുന്നു? റോള്‍ മോഡല്‍ ആരായിരുന്നു?
പഠനകാലത്താണ് രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തനം, പിന്നീട് പഞ്ചായത്ത് മെമ്പര്‍, കൗണ്‍സിലര്‍, മേയര്‍, എം.എല്‍.എ എന്നീ പദവികളില്‍ എത്തി. റോള്‍ മോഡല്‍ എന്ന് പറയാന്‍ കഴിയുന്നത് എകെജി, ഇഎംഎസ് എന്നിവരായിരുന്നു. അവരുടെ പാതയിലൂടെ മുന്നോട്ടുപോയത് കൊണ്ട് തന്നെ വിവാദങ്ങള്‍ ഉണ്ടായിട്ടും പല പദ്ധതികളും വിജയകരമായി നടത്താന്‍ സാധിച്ചു. സ്ത്രീ സുരക്ഷ, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം അങ്ങനെ ഏതു മേഖല എടുത്തു നോക്കിയാലും മികച്ച മുന്നേറ്റമാണ് എല്‍ഡിഎഫ് സര്‍ക്കാരിന് കാഴ്ച വയ്ക്കാന്‍ സാധിച്ചത്.
താങ്കളുടെ കുടുംബം ?
അച്ഛന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു. അമ്മ ഗൃഹനാഥ. നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന രാജി എം ആറാണ് ഭാര്യ. ആലിയ, ആര്യന്‍ എന്നീ രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം.


 
                                            