“ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഒരു അറസ്റ്റ് നാടകം കൂടി നടത്താനുള്ള നടപടി” സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പി  സി ജോർജിനെ അറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പി സി ജോർജിന്റെ കേസിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ‘ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ഒരു അറസ്റ്റ് നാടകം കൂടി നടത്താനുള്ള തിരക്കഥ‍യുടെ ഭാഗമായ നടപടികളാണ് നടക്കുന്നത്. കൃത്യമായ സത്യവാങ്മൂലം സർക്കാർ കോടതിയിൽ സമർപ്പിക്കാതിരുന്നതും കോടതിയിൽ പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നതും അറസ്റ്റ് ചെയ്ത പ്രതിയെ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ പൊലീസ് അനുവദിച്ചതും എന്തു കൊണ്ടാണ് സർക്കാർ ഉത്തരം പറയണം’ വി ഡി സതീശൻ ആവശ്യപ്പെട്ടു.

തൃക്കാക്കര ഫലം സർക്കാർ ഭരണത്തിന്റെ വിലയിരുത്തലാണെന്ന് മുഖ്യമന്ത്രി പറയില്ല. യുഡിഎഫ് വൻ ഭൂരിപഷത്തിൽ വിജയിക്കുമെന്ന് മനസിലായതു കൊണ്ടാണ് ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തിലാകുമെന്ന് മുഖ്യമന്ത്രി പറയാത്തത്. ഇവിടെ വന്ന് നിന്ന് ഗ്രൗണ്ട് മനസിലാക്കിയാളാണ് പിണറായി വിജയൻ. തൃക്കാക്കരയിൽ ഒരാഴ്ച നിന്നപ്പോൾ മുഖ്യമന്ത്രിക്ക് കാര്യം ബോധ്യപ്പെട്ടു. അത് മനസിലാക്കിയ ഒരു രാഷ്ട്രീയ നേതാവ് ഫലം ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറയില്ല ‘, സതീശൻ ചൂണ്ടിക്കാട്ടി.

അടുത്തമാസം ശമ്പളം കൊടുക്കാൻ കഴിയാത്ത സർക്കാരാണ് രണ്ട് ലക്ഷം കോടിയുടെ സിൽവർ ലൈൻ നടപ്പാക്കുമെന്ന് പറയുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. സിൽവർലൈൻ പദ്ധതി കേരളത്തിൽ നടക്കില്ല. ഒരിടത്തും കല്ലിടില്ല, കല്ലിട്ടാൽ ഞങ്ങൾ അത് പിഴുതുമാറ്റും. കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ പിണറായി വിജയൻ പരിഹാസ്യനാകുകയാണ്ട’, സതീശൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *