തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്നു. കടമെടുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രം അനുമതി നല്‍കാത്തതാണ് ഇതിനുള്ള പ്രധാന കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എടുത്ത കണക്കുകളില്‍ വ്യക്തത ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രം. അനുമതി കിട്ടാന്‍ കാലതാമസമുണ്ടായാല്‍ കൂടുതല്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ വേണ്ടി വരും. ഇപ്പോള്‍ തന്നെ ട്രഷറി ഇടപാടുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുക്കുന്ന കടം സര്‍ക്കാരിന്റെ കടമായി പരിഗണിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. സിഎജിയും നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാനം പറയുന്നു. സംസ്ഥാനമെടുത്ത വായ്പ സംബന്ധിച്ച കണക്കുകളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കടമെടുക്കാന്‍ കേന്ദ്രത്തോട് അനുമതി തേടിയതായും ഈ മാസം തന്നെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രിയുടെ ഓഫിസ് പറഞ്ഞു. ആന്ധ്ര, ഹരിയാന, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങള്‍ക്ക് ഇതിനോടകം കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ട്.
