സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതിനുശേഷം പിന്തുണ ആർക്കെന്ന് പറയുമെന്ന് കെ.വി തോമസ്. ഉമാ തോമസും താനുമായി അടുത്ത വ്യക്തി ബന്ധമുണ്ട്, എന്നാൽ വ്യക്തിബന്ധവും രാഷ്ട്രീയവും രണ്ടാണെന്ന് കെ.വി തോമസ് .
വ്യക്തി ബന്ധത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നും വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തുറന്നു പറയേണ്ട സമയമാണിതെന്നും കെ.വി തോമസ് വ്യക്തമാക്കി. താൻ എൽ.ഡി.എഫിന് ഒപ്പം എന്നത് മാധ്യമ സൃഷ്ടിയാണെന്നും താൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും കെ.വി തോമസ് . തൃക്കാക്കരയിൽ ഇടതു മുന്നണി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. സിപിഐഎം ജില്ലാ കമ്മിറ്റി നിർദ്ദേശിച്ച പേര് സംസ്ഥാന സെക്രടറിയേറ്റിന്റെ അനുമതിയോടെ ഇടതു മുന്നണിയിൽ അവതരിപ്പിച്ച ശേഷമായിരിക്കും പ്രഖ്യാപനം. സി.പിഐഎം ജില്ലാക്കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ.എസ് അരുൺ കുമാറിന്റെ പേരാണ് സജീവ പരിഗണനയിൽ. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് അരുൺ കുമാറിന്റെ പേര് നിർദ്ദേശിച്ചത്.
അരുൺ കുമാറിന് വേണ്ടി മണ്ഡലത്തിൽ ഇന്നലെ ചുവരെഴുത്തുകൾ തുടങ്ങിയെങ്കിലും പിന്നീട് മായ്ച്ചുകളഞ്ഞു. സ്ഥാനാർഥിയെ സംബന്ധിച്ച് തർക്കങ്ങളില്ലെന്നും ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും സി.പി.ഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് വ്യക്തമാക്കി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം എൽഡിഎഫിനെയും യുഡിഎഫിനെയും സംബന്ധിച്ച് ഒരുപോലെ നിർണായകമാണ്. പുതു നേതൃത്വത്തിന്റെയും സിൽവർലൈൻ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിർണയിക്കുന്നത് കൂടിയാകും തൃക്കാക്കര പോര്.
