തിരുവനന്തപുരം: ബിവറേജ് കോര്‍പ്പറേഷന് കീഴിലുള്ള മദ്യ വില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സമയത്തില്‍ മാറ്റം. വെള്ളിയാഴ്ച മുതലാണ് സമയക്രമത്തില്‍ മാറ്റം വരുന്നത്. വെള്ളിയാഴ്ച മുതല്‍ രാവിലെ 10 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും. കൊവിഡ് ഇളവുകളുടെ പശ്ചാത്തലത്തിലാണ് പുതിയ മാറ്റം എന്ന് ബെവ്‌കോ അധികൃതര്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല.
രാവിലെ 11 മുതല്‍ രാത്രി 9 വരെയായിരിക്കും ബാറുകളുടെ പ്രവര്‍ത്തന സമയം. അതേസമയം മദ്യവില്‍പ്പനശാലകളിലെ തിരക്കിന്റെ പേരില്‍ പരക്കെ ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍ മറികടക്കാന്‍ പുതുപരീക്ഷണവുമായി ബെവ്‌കോ രംഗത്ത് വരുകയാണ്. മദ്യത്തിന് ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമൊരുക്കുകയെന്ന പരീക്ഷണത്തിലേക്ക് ബെവ്‌കോ കടക്കുന്നത്. സെപ്റ്റംബര്‍ 17 മുതല്‍ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിവരുകയാണ് ബെവ്‌കോ.
ബെവ്കോ ചില്ലറ വില്‍പനശാലകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലായി, മൂന്ന് ഔട്ട്ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. തിരക്ക് കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. ബെവ്‌കോയുടെ വെബ്‌സൈറ്റില്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.
