കണ്ണൂര്‍ : കേരളത്തിലെ പട്ടികജാതി കോളനികളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി മാതൃക കോളനികളാക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി. അതിനായി കിഫ്ബി ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പി. കെ. എസ് പാപ്പിനിശ്ശേരി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ജനകീയസൂത്രണ പദ്ധതിയിലൂടെയും, സര്‍ക്കാരിന്റെ അംബേദ്കര്‍ ഗ്രാമ പദ്ധതിയിലൂടെയും പല കോളനികളിലും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം കോളനികളും ആവശ്യമായ അടിസ്ഥാന സൗകര്യത്തില്‍ പിന്നോട്ടാണ്.
റോഡ്ടാറിങ്, കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം, കിടപ്പാട സംരക്ഷണം, ശ്മശാന നവീകരണം എന്നീ പദ്ധതികള്‍ എല്ലാ കോളനികളിലും കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പി. കെ. എസ് ആവശ്യപ്പെട്ടു. പട്ടികജാതി കുടുംബങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ എത്തിക്കുന്നതിനു അടിസ്ഥാന സൗകര്യവികസനം ഒരു പ്രധാന ഘടകമാണ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പി. കെ. എസ്. പാപ്പിനിശ്ശേരി ലോക്കല്‍ കമ്മിറ്റി നിവേദനം നല്‍കിയിട്ടുണ്ട്.
