പാലാ: ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രതന്ത്രജ്ഞനും നയതന്ത്രജ്ഞനുമായിരുന്നു മുന്‍ രാഷ്ട്രപതി കെ ആര് നാരായണനെന്ന് കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി അനുസ്മരിച്ചു. മുന്‍ രാഷ്ട്രപതി കെ ആര് നാരായണന്റെ ഇരുപതാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ചു കെ ആര് നാരായണന് ഫൗണ്ടേഷന് സംഘടിപ്പിച്ച കെ ആര് നാരായണന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപതി എന്ന നിലയിലുള്ള തന്റെ വിവേചനാധികാരം ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി അദ്ദേഹം വിനിയോഗിച്ചു. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി പൊതുതിരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിച്ച ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി കെ ആര് നാരായണനാണെന്നും ഫ്രാന്‍സീസ് ജോര്‍ജ് ചൂണ്ടിക്കാട്ടി. തലമുറകളെ പ്രചോദിപ്പിക്കുവാന്‍ കെ ആര് നാരായണന്റെ ജീവിതയാത്രയ്ക്കാവും. കെ ആര് നാരായണന്റെ അതിജീവനം ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാന്‍ പ്രയാസകരമാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
ഫൗണ്ടേഷന് ചെയര്മാന് എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ചാവറ പബഌക് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ പോള്‍സണ്‍ കൊച്ചുകണിയാംപറമ്പില്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഭരണസമിതിയംഗം സിജിത അനില്‍ , അഡ്വ ന്തോഷ് മണര്‍കാട്, ജോര്‍ജ് പുളിങ്കാട്, അനൂപ് ചെറിയാന്, ലിയ മരിയ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
