പാലാ: ജീവിത പ്രതിസന്ധികളോട് നിശ്ചയദാര്‍ഢ്യത്തോടെയും ഇച്ഛാശക്തിയോടും കൂടി പോരാടിയാണ് മുന്‍ രാഷ്ട്രപതി കെ ആര് നാരായണന് ജീവിതവിജയം നേടിയതെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കെ ടി തോമസ് അനുസ്മരിച്ചു. കെ ആര് നാരായണന്റെ 19 മത് ചരമവാര്‍ഷികത്തോടനുബന്ധിച്ചു കെ ആര് നാരായണന് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കെ ആര് നാരായണന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികകള്ക്കു മുന്നില്‍ അദ്ദേഹം പകച്ചു നിന്നില്ല. നിശ്ചയദാര്‍ഢ്യത്തോടെ പോരാടിയപ്പോള്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ കെ ആര് നാരായണനു സാധിച്ചു. ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ മുന്‍ രാഷ്ട്രപതി കെ ആര് നാരായണന്റെ ജീവിതം പ്രചോദനമേകുമെന്നും ജസ്റ്റീസ് കെ ടി തോമസ് പറഞ്ഞു. കെ ആര് നാരായണനുമായുള്ള തന്റെ ഊഷ്മള ബന്ധത്തെക്കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹം പങ്കുവച്ചു.
കെ ആര് നാരായണന് ഫൗണ്ടേഷന് ചെയര്മാന് എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഭരണസമിതി അംഗം സിജിത അനില്‍, ഫൗണ്ടേഷന് വൈസ് ചെയര്മാന് ഡോ സിന്ധുമോള്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, അനൂപ് ചെറിയാന്, ബിനു പെരുമന, സുമിത കോര, നിഷ ജോസഫ്, ദിയ ആന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ഫോട്ടോ : മുന്‍ രാഷ്ട്രപതി കെ ആര് നാരായണന്റെ 19 മത് ചരമവാര്‍ഷികത്തോടനുബന്ധിച്ചു കെ ആര് നാരായണന് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കെ ടി തോമസ് ഉദ്ഘാടനം ചെയ്യുന്നു. സിജിത അനില്‍, ഫൗണ്ടേഷന് ചെയര്മാന് എബി ജെ ജോസ്, വൈസ് ചെയര്മാന് ഡോ സിന്ധുമോള്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍ എന്നിവര്‍ സമീപം.
