വെള്ളയമ്പലം ബസ് വെയിറ്റിംഗ് ഷെല്‍ട്ടറും ഹൈടെക്ക്

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ എട്ടാമത്തെ ഹൈടെക് ബസ് ഷെല്‍ട്ടര്‍ വെള്ളയമ്പലം ജംഗ്ഷനില്‍ പണി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. വെള്ളയമ്പലം ശാസ്തമംഗലം റോഡിലാണ് ഹൈടെക്ക് ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബസ് കാത്തിരിക്കുന്നവര്‍ക്ക് സുഖകരമായി ഇരിക്കാന്‍ കഴിയുന്ന സീറ്റുകള്‍, ടി.വി, എഫ്.എം റേഡിയോ, ഫ്രീ വൈഫൈ, മൊബൈല്‍ ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍, മാഗസിന്‍ സ്റ്റാന്റ്, സുരക്ഷാ ക്യാമറ എന്നിവ സഹിതം അതി മനോഹരമായ ഡിസൈനിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്.

യാതൊരുവിധ സര്‍ക്കാര്‍ ഫണ്ടും വിനിയോഗിക്കാതെയാണ് ഹൈടെക്ക് ബസ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നത്. പ്രമുഖ പരസ്യ സ്ഥാപനമായ ദിയ സൈന്‍സ് എം.എല്‍.എ അഡ്വ. വി.കെ പ്രശാന്തിന്റെ നിര്‍ദ്ദേശ പ്രകാരം കാത്തിരിപ്പ് കേന്ദ്രത്തിന്റെ രൂപകല്‍പ്പനയും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. തുടര്‍ പരിപാലനത്തിന്റെ ചുമതലയും ദിയയ്ക്കു തന്നെയാണ്. പരസ്യ ഇനത്തിലുള്ള വരുമാനത്തില്‍ നിന്നുമാണ് ഇതിലേക്കാവശ്യമായ ഫണ്ട് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന എട്ടാമത്തെ ബസ് ഷെല്‍ട്ടറാണിത്. കവടിയാര്‍ ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ ഉള്‍പ്പെടെ മണ്ഡലത്തിലെ മറ്റ് 7 പ്രധാന ജംഗ്ഷനുകളിലും ഈ മാതൃകയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉടന്‍ നിര്‍മ്മിക്കുമെന്ന് അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ പറഞ്ഞു.

മുന്‍ കൌണ്‍സിലര്‍മാരായ കവടിയാര്‍ സുനില്‍, ബിന്ദു ശ്രീകമാര്‍, സംഘാടക സമിതി അംഗങ്ങളായ അജിത്ത് കുമാര്‍ ആര്‍.എസ്, വി.എസ് മാത്യൂ, അനീഷ് ദേവന്‍, ശശിധരന്‍ എസ്, വൈബ്‌കോസ് പ്രസിഡന്റ് സി.എസ് രതീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി മുകുന്ദേഷ്, വ്യാപാരി വ്യവസായി സമിതി പ്രതിനിധി എം.എന്‍ വിജയന്‍, റെസി. അസോസിയേഷന്‍ ഭാരവാഹികളായ ബാലചന്ദ്രന്‍ നായര്‍, ഡോ. കെ മുരളീധരന്‍ നായര്‍, അഡ്വ. വി എസ് ബിജു, ദിയ സൈന്‍സ് ഭാരവാഹികളായ മനോജ്, പ്രസാദ്, ഗിരീഷ് കുളത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *