സിനിമ റിവ്യൂ ഹൈക്കോടതി വിലക്കിയെന്ന പ്രചരണം തെറ്റ്

റിലീസ് ചെയ്തു ഏഴു ദിവസത്തേക്ക് സിനിമാ റിവ്യൂ വിലക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ഹൈക്കോടതി. ഇത്തരത്തിൽ നടക്കുന്ന വ്യാപകമായ പ്രചരണത്തിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്. സിനിമകൾക്കെതിരെ മോശം പ്രചരണം നടത്തുന്ന വ്ലോഗർമാരാണ് കോടതി ഉത്തരവിനെ ഭയക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് റിവ്യൂ നടത്തി സിനിമയെ ആക്രമിക്കുന്നെനാരോപിച്ച കേസ് പരിഗണിച്ചത്.

സിനിമ റിലീസ് ചെയ്യുന്ന ദിവസം റിവ്യൂ ബോംബിംഗ് നടക്കുന്നതായി അമിക്കസ് ക്യൂരിയുടെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതു കാരണം സിനിമ വ്യവസായം നശിക്കരുത്. സിനിമയെ തകർക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഇറക്കുന്ന റിവ്യൂ ഏഴല്ല എഴുപതു ദിവസം കഴിഞ്ഞാലും പുറത്തുവരരുതെന്നും കോടതി പറഞ്ഞു. ഇത്തരം പ്രവണതകൾക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്താണ് ഇത്രയും കാലം ചെയ്തതെന്നും കോടതി ആരാഞ്ഞു.

ഇത്തരത്തിൽ റിവ്യൂ ബോംബിങ് തടയുവാനായി സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇല്ലെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സംവിധായകർ നിർമ്മാതാക്കൾ എന്നിവരുമായി ചർച്ച നടത്തി വേണ്ട പെരുമാറ്റച്ചട്ടമുണ്ടാകുമെന്നും അദ്ദേഹം മറുപടി നൽകി. ആരോഗ്യകരമായ റിവ്യൂ നടത്തുന്നതിന് തടസ്സം ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *