ഒരു വർഷം ഒരുപാട് സിനിമകളിൽ അഭിനയിക്കുന്ന
കാര്യത്തിൽ താൻ മോഹൻലാലിന്റെയും
മമ്മൂട്ടിയുടെയും ഏഴയലത്തെത്തില്ലെന്ന് ടൊവിനോതോമസ്. ഇക്കാലത്ത് ഇങ്ങനെ പടങ്ങൾ ഒരുമിച്ച് വരുന്നത് വലിയ കാര്യമാണെന്നും താരം
കൂട്ടിച്ചേർത്തു. രേഖ മേനോനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടൊവിനോ.
‘എൺപതുകളിലാണ് ഒരാളുടെ ഒരുപാട് പടങ്ങൾ
ഒരുമിച്ചിറങ്ങിയിട്ടുള്ളത്. 1986ൽ ലാലേട്ടന്റെ 36 സിനിമകൾ ഇറങ്ങിയിട്ടുണ്ട്. ഒരു ഓണത്തിന്
മമ്മൂക്കയുടെ അഞ്ച് പടങ്ങൾ റിലീസായിട്ടുണ്ട്.അതൊക്കെ നോക്കുമ്പോൾ നമ്മളതിന്റെ ഏഴയലത്ത് എത്തില്ല. ഇക്കാലത്ത് ഇങ്ങനെ
പടങ്ങൾ ഒരുമിച്ച് വരുന്നത് വലിയ കാര്യമാണ്. നമ്മൾ അവരുടെ പാത പിന്തുടരുകയാണ് ചെയ്യുന്നത്,’ ടൊവിനോ പറഞ്ഞു.2017-18ൽ തന്റെ എട്ടിലധികം സിനിമകൾ റിലീസായതിനെ പറ്റി ചോദിച്ചപ്പോഴാണ് ടൊവിനോ ഇത് പറഞ്ഞത്. ടൊവിനോയുടേതായി 2017ൽ
മൂന്ന് സിനിമകളും 2018ൽ ആറു സിനിമകളുമാണ്
തിയേറ്റിൽ എത്തിയത്.
സിനിമകൾ എല്ലാകാലത്തേക്കും ഇവിടെ അവശേഷിക്കുമെന്നും കുറേകാലം കഴിഞ്ഞ് കാണുമ്പോൾ ചിലത് കൂടുതൽ ആളുകൾക്ക്
ഇഷ്ടപെടുമെന്നും താരം പറയുന്നു. ‘തല്ലുമാല’, ‘ഡിയർ ഫ്രണ്ട്’, ‘മിന്നൽ മുരളി’, ‘മായാനദി’ എന്നീ സിനിമകളെ പറ്റിയും ടൊവിനോ സംസാരിച്ചു.
‘എനിക്ക് പലപ്പോഴും നല്ല പാട്ടുകളുടെ ഭാഗമാകാൻ
കഴിയാറുണ്ട്. ഒരു സിനിമ പോലും തിയേറ്ററിൽ പോയി കാണാത്തവർ ആ പാട്ടുകൾ കേൾക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം ഒരാൾ
എന്റെയടുത്ത് വന്നു പറഞ്ഞു, അയാൾ തിയേറ്ററിൽ പോയി സിനിമ കാണാറില്ല, പക്ഷേ എന്റെ പാട്ടുകൾ കേൾക്കാറുണ്ടെന്ന്.
‘തല്ലുമാല’യിൽ ശരീരത്തിന് വേദനയാകുന്ന അടിയും ഇടിയുമൊക്കെ കിട്ടിയിട്ടുണ്ട്. അതൊക്കെ ദിവസങ്ങൾക്കുള്ളിൽ മാറും. എന്നാൽ നമ്മൾ
ചെയ്തു വെച്ച സിനിമകൾ എല്ലാകാലത്തേക്കും അവിടെ കാണും.
എനിക്ക് ‘ഡിയർ ഫ്രണ്ട് ഒരുതരം സാറ്റിസ്ഫാക്ഷൻ തന്ന സിനിമയാണ്. ആ സിനിമ മാഞ്ഞുപോകില്ല. അത് അവിടെയുണ്ടാകും. ചിലപ്പോൾ കുറേകാലം കഴിഞ്ഞ് കാണുമ്പോൾ കൂടുതൽ ആളുകൾക്ക്
അത് ഇഷ്ടപെടും.
‘മിന്നൽ മുരളി’യാണ് എനിക്ക് മറ്റൊരുതരത്തിലുള്ള വിസിബിലിറ്റി തന്നത്. വേറെയൊരു തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഞാൻ സിനിമയിൽ വരുന്നതിന് മുൻപ് ആഗ്രഹിച്ചതിനും എത്രയോ മുകളിലാണ് ആ സിനിമ. ‘മിന്നൽ മുരളി’ എന്റെ ഏറ്റവും വലിയ
സിനിമയാണ്. ബഡ്ജറ്റ് കൊണ്ടല്ല വലുതെന്നു പറയുന്നത്. എന്റെ കരിയറിലെ വലിയ സിനിമയാണിതെന്നും ടോവിനോ പറഞ്ഞു.
