തിരിച്ചു വരവിനൊരുങ്ങി കോണ്‍ഗ്രസ് : ലക്ഷ്യം 2024

ന്യൂഡല്‍ഹി: നീണ്ട നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്ത്വവുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയ്ക്കു പിന്നിലെ ലക്ഷ്യം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്നാണു റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ്, ഉത്തരഖണ്ഡ്, പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ മാത്രം നിലനില്‍ക്കെയാണ് പ്രശാന്ത് കിഷോര്‍ ചൊവ്വാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുമായി കൂടികാഴ്ച നടത്തിയത്.

കോണ്‍ഗ്രസ് ഭരണകക്ഷിയായിട്ടുള്ള പഞ്ചാബില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളാകും ചര്‍ച്ചയുടെ വിഷയമെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍, നെഹ്‌റു കുടുംബാംഗങ്ങള്‍ മൂന്നുപേരും പങ്കെടുത്ത യോഗത്തില്‍ പൊതുതെരഞ്ഞെടുപ്പില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതും ചര്‍ച്ചാ വിഷയമായെന്നാണു കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഉത്തരഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും പഞ്ചാബിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായ ഹരീഷ് റാവത്തും എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പങ്കെടുത്തിരുന്നു.

2017 ലെ ഉത്തര്‍പ്രദേശ് നിയമഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്ത്വം നല്‍തിയത് പ്രശാന്ത് കിഷോറായിരുന്നു. പ്രിയങ്കയെ മുന്‍ നിര്‍ത്തി ‘യുപി കി ലഡ്കി’ എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചത് അദ്ദേഹമായിരുന്നു. എന്നാല്‍, ആ മത്സരത്തില്‍ വലിയ പരാജയമാണു കോണ്‍ഗ്രസിനു നേരിടേണ്ടി വന്നത്. ഫലം വന്നതോടെ കോണ്‍ഗ്രസ് നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച പ്രശാന്ത് കിഷോര്‍ ഇനി അവരോടു സഹകരിക്കില്ലെന്നു അന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ കടുംപിടിത്തവും ധാര്‍ഷ്ട്യവുമാണ് പരാജയത്തിനു കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പരാജയം താന്‍ മുന്‍പേ ഉറപ്പിച്ചതാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. എന്നാല്‍, ഇതിനുശേഷം പ്രിയങ്കയുമായി അദ്ദേഹം അടുപ്പം നിലനിര്‍ത്തിയിരുന്നു .എന്‍സിപി നേതാവ് ശരദ് പവാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ എന്നിവരുമായും പ്രശാന്ത് കിഷോറിനു നല്ല ബന്ധമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിനും ഡിഎംകെക്കും വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. പശ്ചിമ ബംഗാളില്‍ ബിജെപിക്ക് 100 സീറ്റുകള്‍ ലഭിച്ചാല്‍ താന്‍ രാഷ്ട്രീയം വിടുമെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം.

തൃണമൂലും ഡിഎംകെയും വലിയ വിജയം നേടുക മാത്രമല്ല, ബിജെപി രണ്ടക്കത്തിലൊതുങ്ങുകയും ചെയ്തത് ‘തെരഞ്ഞെടുപ്പു വിപണി’യില്‍ പ്രശാന്ത് കിഷോറിന്റെ മൂല്യം ഉയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപിക്കെതിരേ ശക്തമായ പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ പ്രശാന്ത് കിഷോറിന്റെ സഹായം തേടുന്നതിനെക്കുറിച്ച് കോണ്‍ഗ്രസില്‍ ഒരു വിഭാഗം സൂചിപ്പിച്ചിരുന്നു.
മൂന്നാംമുന്നണി രൂപീകരണത്തോട് തനിക്കു താത്പര്യമില്ലെന്ന് പ്രശാന്ത് കിഷോര്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതൊരു മിഥ്യാസ്വപ്നമാണെന്നും മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ ബിജെപിയെ നേരിടാനാവില്ലെന്നും അദ്ദേഹം പറയുന്നു. ഇതുകൂടി കണക്കിലെടുത്താണ് നെഹ്‌റു കുടുംബാംഗങ്ങളുടെ കൂടിക്കാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *