ഉത്തർപ്രദേശിൽ പ്രതിപക്ഷ നിര ഒന്നിക്കുന്നുയോ​ഗിക്ക് തിരിച്ചടി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിദ്വേഷ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്ത്. മുഖ്യമന്ത്രി കസേര തെറിക്കുമോ എന്ന പേടിയാണ് യോഗിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിനു പിന്നിലെന്നു സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. മുഖ്യമന്ത്രി കസേരയിലിരുന്നു യോഗി അഹങ്കാരിയായി മാറിയെന്നും മിനി ഹിറ്റ്ലറായെന്നും കോൺഗ്രസ് എംപി മാണിക്യം ടാഗോർ പറഞ്ഞു. നിലവിലെ സാമൂഹ്യ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധതിരിക്കാനാണു വിദ്വേഷ പരാമർശം നടത്തിയതെന്നു സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവ് പ്രതികരിച്ചു. ‘‘പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. നിലവിലെ സാഹചര്യങ്ങൾ വളരെ മോശമാണ്. പക്ഷേ ബിജെപി ഇപ്പോഴും പഴയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും പഴയ പ്രശ്നങ്ങൾ ചികഞ്ഞു പുറത്തെടുക്കുകയുമാണ് ചെയ്യുന്നത്’’ – ഡിംപിൾ യാദവ് കൂട്ടിച്ചേർത്തു. യോഗി പറഞ്ഞത് ശരിയാണെന്ന് എസ്പി എംപി സിയാ ഉർ റഹ്മാൻ പരിഹസിച്ചു. ‘‘സമ്പലിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. മുസ്‌ലിംകൾക്കെതിരെ ജനക്കൂട്ട ആക്രമണങ്ങൾ വർധിക്കുന്നു. മുസ്‌ലിംകളുടെ മതവികാരം വൃണപ്പെടുത്തുകയും ആരാധനാലയങ്ങൾ ആക്രമിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം ശേഷവും മുസ്‌ലിംകൾ സുരക്ഷിതരാണ്’’– സിയാ ഉർ റഹ്മാൻ പരിഹസിച്ചു. കള്ളം പറഞ്ഞു ഹിന്ദു – മുസ്‌ലിം വിദ്വേഷം ഉണ്ടാക്കാനാണ് യോഗി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് അജയ് റായ് പ്രതികരിച്ചു. ഒരു നേതാവ് ജനങ്ങളെ ഇത്തരത്തിൽ നയിക്കുന്നത് നിർഭാഗ്യകരമാണ്. ഒരു ഭാഗത്ത് സുനിത വില്യംസ് ബഹിരാകാശത്തുനിന്നു തിരിച്ചെത്തിയതു പോലുള്ള മുന്നേറ്റങ്ങൾ നടക്കുമ്പോൾ നമ്മൾ ആളുകളെ 100 വർഷം പുറകിലേക്കു കൊണ്ടുപോവുകയാണെന്ന് രഞ്ജിത് രഞ്ജൻ എംപി പ്രതികരിച്ചു.

ഉത്തർപ്രദേശിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം.. യുപിയിൽ നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്ലീം കുടുംബം സുരക്ഷിതരായിരിക്കുമെന്നും എന്നാൽ തിരിച്ച് അങ്ങനെയല്ലെന്നും ​യോ​ഗി എ.എൻ.ഐക്ക് നൽകിയ പോഡ്കാസ്റ്റിൽ അഭിപ്രായപ്പെട്ടതാണ് ഇപ്പോൾ വിവാദമായത്.. 100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾ താമസിക്കുകയാണെങ്കിൽ അവർക്ക് സുരക്ഷിതത്വം അനുഭവപ്പെടില്ലെന്നും യോഗി പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണതിനുശേഷം, ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ ഉണ്ടായി. ന്യൂനപക്ഷങ്ങളുടെ വീടുകൾ കൊള്ളയടിക്കപ്പെട്ടു. 150 ലധികം ക്ഷേത്രങ്ങൾ ഇസ്ലാമിക തീവ്രവാദികൾ നശിപ്പിച്ചു. അദ്ദേഹം വിമർശിച്ചു.

2017 ൽ സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷം ഉത്തർപ്രദേശിലെ വർഗീയ കലാപങ്ങൾ അവസാനിച്ചതായി അവകാശപ്പെട്ട അദ്ദേഹം ഒരു യോഗി എന്ന നിലയിൽ താൻ എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ഉത്തർപ്രദേശിൽ മുസ്ലീങ്ങൾ സുരക്ഷിതരാണ്. ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ അവരും സുരക്ഷിതരാണ്. 2017 ന് മുമ്പ് ഹിന്ദുക്കളുടെ കടകൾ അ​ഗ്നിക്കിരയായാൽ മുസ്ലീം കടകളും അ​ഗ്നിക്കിരയാകുമായിരുന്നു. ഹിന്ദുക്കളുടെ വീടുകൾ കത്തിക്കപ്പെട്ടാൽ മുസ്ലീം വീടുകളും കത്തുമായിരുന്നു. 2017 ന് ശേഷം കലാപം നിലച്ചു. ആദിത്യനാഥ് പറഞ്ഞു.

എന്നാൽ യോ​ഗിയുടെ വിദ്വേഷം കലർന്ന പല പരാമർശങ്ങളും ബിജെപിക്ക് തന്നെ തലവേദയായി മാറുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഉത്തർപ്രദേശിൽ ​യോ​ഗിക്കെതിരെ നീക്കങ്ങൾ ശക്തമായിരുന്നു. വോട്ട് ശതമാനത്തിലെ കുറവിന് കാരണം ബുൾഡോസർ നയമാണെന്നും വിമ്ര‍ശിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പഴയ പ്രതാപത്തിലേക്ക് ചുവട് വയ്ക്കുകയാണ് യോ​ഗി.

Leave a Reply

Your email address will not be published. Required fields are marked *