തിരുവനന്തപുരം: തലസ്ഥാനത്ത് ഇരട്ടകൊലപാതക കേസിലെ പ്രതി വെട്ടേറ്റ് മരിച്ചു. 2011ലെ വഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ് എന്ന മണിച്ചനാണ് (34) കൊല്ലപ്പെട്ടത്. തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന തിരുമല സ്വദേശിയായ ഹരികുമാറിന് വെട്ടേറ്റു.
നിരവധി കേസുകളിൽ പ്രതിയായ മണിച്ചനും സുഹൃത്തും ഹരികുമാറും രണ്ടുദിവസം മുമ്പാണ് ലോഡ്ജിൽ മുറിയെടുത്തത്. ബുധനാഴ്ച രാത്രി മദ്യപിക്കാനായി ഇവർക്കൊപ്പം ദീപക് ലാലും അരുണും ഉണ്ടായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ മണിച്ചനേയും ഹരിയേയും ആക്രമിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. 2011ലെ ഇരട്ടക്കൊലപാതകവുമായി സംഭവത്തിനു ബന്ധമുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
