ആലപ്പുഴ: കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും സ്വന്തം സ്വപ്നങ്ങൾക്ക് നിറം നൽകാനുമായി ചായ പാട്ടയുമായി ദിവസവും ഇറങ്ങുകയാണ് കെ.ആർ.ചൈത്രമോൾ എന്ന 26 കാരി. പിതാവിന്റെ അപ്രതീക്ഷിത മരണത്തോടെ കുടുംബത്തിന്റെ വരുമാനം പൂർണ്ണമായി നിലച്ചു.. കഴിഞ്ഞ ഓണത്തിന്റെ പിറ്റേന്നാണ് ചൈത്രയുടെ പിതാവ് കലവൂർ കാട്ടൂർ കറുത്തകണ്ടം പറമ്പിൽ രാമചന്ദ്രൻ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. രാമചന്ദ്രൻ മരിച്ച് മൂന്നാം ദിവസം ബാങ്കിൽ നിന്നു ജപ്തി നോട്ടിസ് എത്തി. ലോട്ടറി മൊത്തവിൽപന ഏജൻസിയിൽ അക്കൗണ്ടന്റ് ജോലിയിൽ നിന്നു വായ്പ തിരിച്ചടവ് നടക്കാതെ വന്നതോടെയാണ് പെയിന്റിങ്ങിലേക്ക് എത്തുന്നത്.
ഇതുവരെ 15ലധികം ഇടങ്ങളിൽ പെയിന്റ് ജോലി ചെയ്തു. അച്ഛന്റെ പാതയിൽ മീൻപിടിത്തത്തിന് ഇറങ്ങാൻ ശ്രമം നടത്തിയെങ്കിലും ആരും കൂടെ കൂട്ടിയില്ലെന്നു ചൈത്ര പറയുന്നു. അമ്മ യമുന, സഹോദരി ചിത്ര, സഹോദരൻ ചന്തു എന്നിവർ ഉൾപ്പെടുന്നതാണ് കുടുംബം. ബിരുദപഠനം പൂർത്തിയാക്കിയ ചിത്രയുടെയും പോളിടെക്നിക്കിന് പഠിക്കുന്ന ചന്തുവിന്റെയും തുടർന്നുള്ള പഠനങ്ങൾക്കുള്ള ചെലവും ചൈത്രയാണ് വഹിക്കുന്നത്. എസ്ഡി കോളജിൽ നിന്ന് ഹിസ്റ്ററിയിൽ ബിരുദം നേടിയ ചൈത്ര പിജിഡിസിഎയും പൂർത്തീകരിച്ചിട്ടുണ്ട്. പെയിന്റിങ് ജോലിക്കൊപ്പം തന്റെ ലക്ഷ്യമായ പൊലീസ് ജോലി നേടിയെടുക്കുന്നതിനുള്ള പരിശ്രമത്തിനും ചൈത്ര സമയം കണ്ടെത്തുന്നുണ്ട്.
ദിവസവും ആരോഗ്യ സംരക്ഷണത്തിനായി ജിമ്മിൽ പോകുകയും പെയിന്റിങ് ജോലി കഴിഞ്ഞ് രാത്രിയിൽ പിഎസ്സി ക്ലാസിനു പോകുകയും ചെയ്യുന്നു. നൃത്ത പരിശീലനം മാത്രമാണ് നിർത്തേണ്ടി വന്നത്. ഒരു പെൺകുട്ടിയെക്കൊണ്ട് ആണുങ്ങൾ ചെയ്യുന്ന അത്രയും ജോലി ചെയ്യാൻ കഴിയുമോയെന്ന സംശയമായിരുന്നു ആദ്യം എല്ലാവർക്കുമെന്നും ഉരക്കടലാസ് പിടിക്കലിൽ തുടങ്ങി ഡിസൈൻ പണികൾ പോലും ചെയ്യാൻ ചൈത്ര പഠിച്ചെന്നും പെയിന്റിങ് മേഖലയിൽ ചൈത്രയുടെ ഗുരുവായ കെ.കെ.ഷോണി പറഞ്ഞു.
