ശ്രീനിവാസന്‍ വിട പറയുമ്പോള്‍…

  • സഞ്ജയ് ദേവരാജന്‍

മലയാള സിനിമയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ട് സജീവമായി നിലനിന്നിരുന്ന ശ്രീനിവാസന്‍ വിട പറയുമ്പോള്‍, കേരളക്കരയാകെ തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരന്, സിനിമാ നടന്, സംവിധായകന് വേദനയോടെ യാത്രാമൊഴി നേരുന്നു. ശ്രീനിവാസന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു ചെറു ചിരിയാണ് മലയാളിയുടെ മനസ്സില്‍ ഉണ്ടാകുന്നത്, അതില്‍ നിന്ന് തന്നെ ശ്രീനിവാസന്‍ മലയാളിക്ക് ആരാണെന്ന് ഉള്ളത് വ്യക്തമാണ്. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷങ്ങളായി രോഗങ്ങളുമായി പൊരുതുമ്പോഴും, ഇടയ്ക്കിടെ അദ്ദേഹം പൊതു സദസ്സുകളില്‍ വരുകയും, ഇന്റര്‍വ്യൂകളിലൂടെ മറ്റ് പല തുറന്നു പറച്ചലുകളും നടത്തുകയും ചെയ്തിട്ടുണ്ട്.

ആരായിരുന്നു മലയാളിക്ക് ശ്രീനിവാസന്‍, തന്റെ സിനിമകളിലൂടെ, ജീവിതാനുഭവങ്ങള്‍ തിരക്കഥകളാക്കി, ദുരിതങ്ങളെയും പ്രതിസന്ധികളെയും നര്‍മത്തിന്റെ കണ്ണിലൂടെ അവതരിപ്പിച്ചു.
പ്രതിസന്ധികളും ദുരിതങ്ങളും, തിരിച്ചടികളും മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്നും, അത്തരം പ്രതിസന്ധികളെ ലഘുവായി കണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകണം എന്നുള്ള സന്ദേശം അദ്ദേഹത്തിന്റെ തിരക്കഥകളില്‍ നമുക്ക് കാണാന്‍ കഴിയും.

അദ്ദേഹത്തിന്റെ തിരക്കഥകളിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തോടുള്ള വീക്ഷണത്തെ നമുക്ക് കാണാന്‍ കഴിയും. തന്റെ തിരക്കഥകളിലൂടെ മലയാളിക്ക് ഒരുപാട് തിരിച്ചറിവുകളുടെ സന്ദേശം നല്‍കിയ എഴുത്തുകാരന്‍ എന്ന നിലയില്‍ ആവാം ശ്രീനിവാസനെ കേരളം വിലയിരുത്തുന്നത്.

മദ്രാസിലെ പട്ടിണിക്കാലത്തും നല്ലൊരു നാളെയെ സ്വപ്‌നം കണ്ട് കഴിയുന്ന ദാസനും വിജയനെയും മലയാളിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഗള്‍ഫില്‍ പണിയെടുത്തു സമ്പാദിച്ച പണവുമായി നാട്ടില്‍ സംരംഭം തുടങ്ങി, അവസാനം എല്ലാം നശിച്ചു എന്നാല്‍ ജീവിതത്തിന്റെ പ്രതീക്ഷ കൈവിടാതെ വീണ്ടും ഗള്‍ഫിലേക്ക് ജോലിക്ക് മടങ്ങുന്ന വരവേല്‍പ്പിലെ മോഹന്‍ലാല്‍ കഥാപാത്രം മലയാളിയുടെ ജീവിതത്തില്‍ വളരെയേറെ പ്രസക്തിയുള്ള ഒന്നാണ്. എപ്പോഴും ഹാസ്യത്തിലൂടെ മാത്രം സഞ്ചരിക്കുന്ന തിരക്കഥകള്‍ മാത്രമല്ല ശ്രീനിവാസന്‍ രചിച്ചിട്ടുള്ളത്, ചമ്പക്കുളം തച്ചനെ പോലെ അച്ഛന്‍, മകള്‍ വൈകാരിക ബന്ധം അതിമനോഹരമായ അവതരിപ്പിച്ച സിനിമകളും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്നിട്ടുണ്ട്.

പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, കമല്‍ തുടങ്ങിയ സംവിധായകരോടൊപ്പം അദ്ദേഹം എഴുതിയ സിനിമകള്‍ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചിലപ്പോഴൊക്കെ കണ്ണ് നിറയിയിക്കുകയും ചെയ്തിട്ടുണ്ട്. ‘അഴകിയ രാവണന്‍’ എന്ന സിനിമയില്‍ പ്രേക്ഷകനെ കൂടുതല്‍ ചിരിപ്പിച്ചത് ശ്രീനിവാസനാണോ, അതോ ഇന്നസെന്റ് ആണോ, അതോ സാക്ഷാല്‍ മമ്മൂട്ടി തന്നെയാണോ.

മമ്മൂട്ടിയുടെ കഥാപാത്രം സ്‌നേഹിക്കുന്ന നായിക, മറ്റൊരാളെയാണ് സ്‌നേഹിക്കുന്നത് എന്ന് അറിയുമ്പോള്‍, ശ്രീനിവാസന്‍ കഥാപാത്രം പറയുന്ന ഡയലോഗ് ‘വെണ്ണിലാ ചന്ദന കിണ്ണം മുങ്ങി മുങ്ങി പോവുകയാണ്’ എന്നുള്ള ഡയലോഗ്, പിന്നീട് എത്രയോ നിരാശ കാമുകന്മാര്‍ പറഞ്ഞു നടന്നിട്ടുണ്ട്.

‘മഴയെത്തും മുന്‍പേ’ എന്ന സിനിമയിലെ നായക കഥാപാത്രം ജീവിതത്തിന്റെ അപ്രതീക്ഷിത തിരിച്ചടികളില്‍ തകര്‍ന്ന് നാടുവിടുമ്പോള്‍, അയാളെ മടക്കി കൊണ്ടുവന്നു, ജീവിതം അയാള്‍ക്ക് ദുരിതങ്ങള്‍ മാത്രമല്ല, പ്രതീക്ഷകളും നല്‍കിയിട്ടുണ്ട് എന്ന തിരിച്ചറിവ് നല്‍കുന്നു. ഈ ഒരു തിരിച്ചറിവ് തന്നെയാണ് ശ്രീനിവാസന്‍ മലയാളിക്ക് നല്‍കിയ ഏറ്റവും വലിയ സന്ദേശം.

‘സന്ദേശം’ എന്ന സിനിമയിലിലൂടെ രാഷ്ട്രീയം തൊഴിലാക്കിയ യുവ നേതാക്കളോട്, ജനസേവനത്തോടൊപ്പം, സ്വന്തമായി തൊഴില്‍ കൂടി ചെയ്യണം, എങ്കില്‍ മാത്രമേ വീടിനും നാടിനും മാതൃകയായി മാറാന്‍ കഴിയു എന്ന് സിനിമ പറഞ്ഞുവെയ്ക്കുന്നു.

സൗഹൃദ ബന്ധങ്ങളുടെ കഥ പറയുന്ന ‘കഥ പറയുമ്പോള്‍’ എന്ന ചിത്രം, അതില്‍ അവസാനം ശ്രീനിവാസന്‍ കഥാപാത്രത്തിന്റെ കണ്ണ് നിറയുമ്പോള്‍, പ്രേക്ഷകരുടെയും കണ്ണ് നിറയുന്നുണ്ട്. ജീവിതത്തില്‍ വലിയ നിലകളില്‍ എത്തുമ്പോള്‍ പഴയ കാല സുഹൃത്തുക്കളെ തള്ളി പറയുന്നവര്‍ക്ക് ഉള്ള ഒരു തിരിച്ചറിവ് ആയിരുന്നു ബാര്‍ബര്‍ ബാലനും സൂപ്പര്‍സ്റ്റാര്‍ അശോക് കുമാറും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ.

ഒരുപാട് അപകര്‍ഷതാ ബോധങ്ങളില്‍ ഉള്ളില്‍ കൊണ്ടു നടക്കുന്ന മലയാളിക്ക് നേരെ പിടിച്ച ഒരു കണ്ണാടി ആയിരുന്നു ‘വടക്കുനോക്കിയന്ത്രം’ എന്ന ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമ.

ജോലി ചെയ്യാതെയും കുടുംബം നോക്കാതെയും ഭക്തിയുമായി നടക്കുന്ന ‘ചിന്താവിഷ്ടയായ ശ്യാമള’യിലെ വിജയന്‍ മാഷ് കേരളക്കരയിലെ കപട ഭക്തന്മാര്‍ക്കെതിരെയുള്ള ഒളിയമ്പ് ആയിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച് ജീവിത പ്രതിസന്ധിയിലാകുന്നു വിജയന്‍ മാഷിന്റെ ഭാര്യ ശ്യാമള. എന്നാല്‍ സ്വന്തം അധ്വാനത്താല്‍ വീണ്ടും ജീവിതം തിരികെ പിടിക്കുന്ന ശ്യാമള മലയാള സിനിമയിലെ ഏറ്റവും ശക്തമായ ഫെമിനിസ്റ്റ് കഥാപാത്രമാണ്.

തന്റെ ആദ്യകാല സിനിമാതിരക്കഥകളില്‍ ശുദ്ധമായ നര്‍മ്മം മാത്രം പറഞ്ഞിരുന്ന ശ്രീനിവാസന്‍, ക്രമേണ ജീവിതയാഥാര്‍ത്ഥ്യങ്ങളും, പ്രതിസന്ധികളും അതിനുള്ള പരിഹാരങ്ങളും നര്‍മ്മത്തില്‍ ചാലിച്ച് സിനിമയില്‍ അവതരിപ്പിച്ചു. അപ്രതീക്ഷിതമായി വിവാഹം മുടങ്ങി പോകുന്നതിലൂടെ ജീവിതത്തെ വെറുത്ത വിദ്യസാഗര്‍ എന്ന സാഗര്‍ കോട്ടപ്പുറത്തിന്റെ ജീവിത കഥ പറഞ്ഞ ‘അയാള്‍ കഥ എഴുതുകയാണ്’ എന്ന സിനിമ മലയാളിയെ ഒരുപാട് ചിരിപ്പിക്കുകയും, എന്നാല്‍ ചിന്തിപ്പിക്കുകയും ചെയ്തു.

ജയരാജ്, വിനയന്‍, ലാല്‍ ജോസ്, റോഷന്‍ ആന്‍ഡ്രൂസ് തുടങ്ങിയ സംവിധായകന്മാരുടെ ആദ്യകാലത്ത് അവരുടെ ആദ്യ സിനിമകള്‍ക്കായി ശ്രീനിവാസന്‍ തിരക്കഥ എഴുതിയിരുന്നു. അങ്ങനെ മലയാള സിനിമയിലേക്ക് ഒരുപിടി മികച്ച പ്രതിഭകളെയും കൊണ്ടുവരുവാന്‍ അദ്ദേഹം മുന്നിട്ടുനിന്നു.

തിരക്കഥയിലൂടെ മാത്രമല്ല അഭിനയത്തിലൂടെയും അദ്ദേഹം നമ്മെ ചിരിപ്പിക്കുകയും, എന്നാല്‍ ചില കഥാപാത്രങ്ങളിലൂടെ ചിന്തിപ്പിക്കുകയും ചെയ്തു. ‘അറബിക്കഥ’ എന്ന സിനിമയില്‍ സത്യസന്ധനും ശുദ്ധനും നിഷ്‌കളങ്കനുമായ ക്യൂബ മുകുന്ദന്‍ എന്ന കമ്മ്യൂണിസ്റ്റ് കഥാപാത്രം മികച്ചു നില്‍ക്കുന്ന ഒന്നാണ്.

‘ഗപ്പി’ എന്ന സിനിമയിലെ ഉപ്പാപ്പ എന്ന കഥാപാത്രം മലയാളിയെ ഏറെ ആകര്‍ഷിച്ചു. ‘തേന്മാവിന്‍ കൊമ്പത്തി’ലെ അപ്പക്കാള എന്ന വില്ലന്‍ മലയാള പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചു. ഇങ്ങനെ ഓരോ കഥാപാത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ശ്രീനിവാസന്‍ മടങ്ങുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രചനകളും, കഥാപാത്രങ്ങളും മലയാള നാട് ഉള്ളടത്തോളം കാലം പ്രസക്തിയോടെ നിലനില്‍ക്കും.

 

Leave a Reply

Your email address will not be published. Required fields are marked *