സ്ത്രീ ശാക്തീകരണത്തിന് പുത്തന്‍ ദിശാബോധം നല്‍കി ‘ഷീ പവര്‍ 2025’ വനിതാ ഉച്ചകോടി

 

കൊച്ചി: കേരളത്തിന് സിംഗപ്പൂരിന് സമാനമായ വികസന വളര്‍ച്ച കൈവരിക്കാനുള്ള ശേഷിയുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കൊച്ചി റിനൈ ഹോട്ടലില്‍ ചാനല്‍ അയാം സംഘടിപ്പിച്ച ‘ഷീ പവര്‍ 2025’ വനിതാ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന് വികസനരംഗത്ത് വലിയ സാധ്യതകളാണുള്ളത്. വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം സംവിധാനങ്ങള്‍ സംരംഭക മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകളെ ആകര്‍ഷിക്കുന്നുണ്ട്. ഫുഡ് പ്രൊസസിംഗ്, അപ്പാരല്‍ മേഖലകളില്‍ കേരളത്തില്‍ വലിയ സംരംഭക മുന്നേറ്റമാണ് ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാറുന്ന കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും സാമ്പത്തികഡിജിറ്റല്‍ മേഖലകളില്‍ സ്ത്രീകളെ സ്വയംപര്യാപ്തതയ്ക്ക് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സുരക്ഷിതമായ നിക്ഷേപ രീതികള്‍ ശീലിക്കുക, സൈബര്‍ ഭീഷണികളെ പ്രതിരോധിക്കുക, തൊഴിലിടങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകള്‍ പ്രയോജനപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളില്‍ കൃത്യമായ ദിശാബോധം പകര്‍ന്നു നല്‍കുന്നതായിരുന്നു ഷി പവര്‍ 2025.

സാമ്പത്തിക ആസൂത്രണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഹെഡ്ജ് ഇക്വിറ്റീസ് സി.എം.ഡി അലക്‌സ് ബാബു, കിരണ്‍ റിയാസ്, ആക്‌സിസ് ബാങ്ക് പ്രതിനിധികളായ വൈശാഖി ബാനര്‍ജി, സന്ദീപ് അഗര്‍വാള്‍ എന്നിവര്‍ സെഷനുകള്‍ നയിച്ചു. സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും സൈബര്‍ സുരക്ഷാ വിദഗ്ധ ഡോ. പട്ടത്തില്‍ ധന്യ മേനോന്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. എഫ് 9 ഇന്‍ഫോടെക് സി.ഇ.ഒ ജയകുമാര്‍ മോഹനചന്ദ്രന്‍, രാജേഷ് വിക്രമന്‍ എന്നിവരും ഇതേ വിഷയത്തില്‍ സംവദിച്ചു.

സ്ത്രീകളുടെ ശാരീരികമാനസിക ആരോഗ്യത്തെക്കുറിച്ചും സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ പുലര്‍ത്തേണ്ട അതിര്‍വരമ്പുകളെക്കുറിച്ചും സണ്‍റൈസ് ഹോസ്പിറ്റല്‍ എം.ഡി പര്‍വീണ്‍ ഹഫീസ്, സണ്‍റൈസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രഞ്ജിനി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. വിജയകരമായ സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നതിലെ പ്രായോഗിക പാഠങ്ങള്‍ നാച്ചുറല്‍സ് സലൂണ്‍ സി.എം.ഡി സി.കെ. കുമാരവേല്‍, ഓക്‌സിജന്‍ ഫൗണ്ടര്‍ ഷിജോ കെ. തോമസ് എന്നിവര്‍ പങ്കുവെച്ചു. ഡിജിറ്റല്‍ റീട്ടെയില്‍ മേഖലയിലെ സ്ത്രീസാന്നിധ്യം സംബന്ധിച്ച് വിവേക് കൃഷ്ണ ഗോവിന്ദ് വിഷയാവതരണം നടത്തി.

കരിയര്‍ വളര്‍ച്ചയ്ക്ക് എ.ഐ ടൂളുകള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ദീപു സേവ്യറും കുറഞ്ഞ നിക്ഷേപത്തില്‍ തുടങ്ങാവുന്ന ബിസിനസ് ആശയങ്ങളെക്കുറിച്ച് ബ്ലെയ്‌സ് നൊറോണയും ക്ലാസ്സുകള്‍ നയിച്ചു. സമ്പാദ്യ പദ്ധതികളെക്കുറിച്ച് ശ്രീവിദ്യ വി. പൈ വിശദീകരിച്ചു. ഗായിക അഭയ ഹിരണ്‍മയി, മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മ എന്നിവര്‍ പങ്കെടുത്ത ഫയര്‍സൈഡ് ചാറ്റ് ശ്രദ്ധേയമായി.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. ചാനല്‍ അയാം ഫൗണ്ടര്‍ നിഷ കൃഷ്ണന്‍, പ്രമുഖ വ്യവസായികള്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *