കൊച്ചി: ജിഎസ്ടി നിരക്കുകളിലെ പുതിയ പരിഷ്‌കാരങ്ങള്‍ പാക്കേജിങ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയതായി കേരള കോറഗേറ്റഡ് ബോക്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ഗഋഇആങഅ). അസംസ്‌കൃത വസ്തുക്കളുടെ നികുതി വര്‍ധനയും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമല്ലാത്തതും മൂലം നിര്‍മാണച്ചെലവ് കുതിച്ചുയരുകയാണെന്ന് എറണാകുളത്ത് സംഘടിപ്പിച്ച ജിഎസ്ടി സെമിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
കെ.സി.ബി.എം.എയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ലൂമിനാര്‍ ഹോട്ടലിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഫെഡറേഷന്‍ ഓഫ് കോറഗേറ്റഡ് ബോക്‌സ് മാനുഫാക്ചറേഴ്‌സ് ഓഫ് ഇന്ത്യയുടെ (എഫ്.സി.ബി.എം) ടാക്‌സേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അലോക് കുമാര്‍ ഗുപ്ത മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തെ നൂറ്റമ്പതോളം കാര്‍ട്ടണ്‍ ബോക്‌സ് നിര്‍മാതാക്കളും അവരുടെ അക്കൗണ്ടന്റുമാരും സെമിനാറില്‍ പങ്കെടുത്തു.
ജിഎസ്ടി പരിഷ്‌കാരങ്ങള്‍ പാക്കേജിങ് വ്യവസായത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അലോക് കുമാര്‍ ഗുപ്ത ചൂണ്ടിക്കാട്ടി. അസംസ്‌കൃത വസ്തുവായ പേപ്പറിന്മേലുള്ള നികുതി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്തിയതോടെ ഈ വ്യവസായം ‘ഇന്‍വെര്‍ട്ടഡ് ടാക്‌സ്’ ഘടനയിലേക്ക് മാറിയിരിക്കുകയാണ്. ഇത് പ്രവര്‍ത്തന മൂലധനത്തെയും ലാഭക്ഷമതയെയും സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നികുതി വര്‍ധനയോടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഗണ്യമായി കുറഞ്ഞു. ബോക്‌സ് നിര്‍മാണത്തിലെ പ്രിന്റിങ്, മറ്റ് സേവനങ്ങള്‍ എന്നിവയ്ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമല്ലാതായതോടെ നിര്‍മാണച്ചെലവില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്ന് വ്യവസായ പ്രതിനിധികള്‍ പറഞ്ഞു. നികുതി ഘടനയിലെ പ്രശ്‌നങ്ങള്‍ മൂലം സര്‍ക്കാര്‍ റീഫണ്ടുകള്‍ വൈകുന്നത് സംരംഭകരുടെ പ്രവര്‍ത്തന മൂലധന പ്രതിസന്ധി രൂക്ഷമാക്കും.
‘ഏതൊരു വ്യവസായത്തിനും പാക്കേജിങ് അത്യന്താപേക്ഷിത ഘടകമാണ്. ഈ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണ്,’ കെ.ഇ.സി.ബി.എം.എ പ്രസിഡന്റ് രാജീവ് ജി ആവശ്യപ്പെട്ടു.ചടങ്ങില്‍ അസോസിയേഷന്‍ ഭാരവാഹികളായ സെക്രട്ടറി സത്യന്‍ മലയത്ത്, ട്രഷറര്‍ ബിജോയ് സിറിയക്, വൈസ് പ്രസിഡന്റുമാരായ ഹൈനസ് സൈദ്, പ്രവീണ്‍ പീറ്റര്‍ എന്നിവരും സംസാരിച്ചു.
