പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് തുടങ്ങിയ സാഹചര്യത്തിൽ മാധ്യമങ്ങൾക്ക് പുതിയ നിയമം ഏർപ്പെടുത്തി. നിയമസഭാംഗങ്ങളുടെ ഫോട്ടോസ് എടുക്കുന്നതിനാണ് മാധ്യമങ്ങൾക്ക് വിലക്ക്. ചോദ്യോത്തര വേള കഴിഞ്ഞാണ് ഫോട്ടോസെഷൻ നടത്തുന്നത്. ഇതിന്റെ വിഡിയോ ചിത്രീകരിക്കാനും ഫോട്ടോ എടുക്കാനും മാധ്യമങ്ങൾക്ക് അനുമതിയില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചത്.
2024 – 25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് പാസാക്കലാണ് നിയമസഭാ സമ്മേളനത്തിൻ്റെ മുഖ്യ അജണ്ട. ബാർ കോഴ വിവാദമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയം സഭാ സമ്മേളനത്തിൽ സർക്കാരിന് തിരിച്ചടിയാവും.
പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമഭേദഗതി ബില്ലുകളും ആദ്യദിനം തന്നെ കൊണ്ടുവരും. കഴിഞ്ഞദിവസം സർക്കാർ അവതരിപ്പിച്ച പ്രോഗ്രസ്സ് റിപ്പോർട്ട് സഭയിൽ വയ്ക്കാൻ ഭരണപക്ഷത്തിൻ്റെ ശ്രമം ഉണ്ടാകും. എൽ.ഡി.എഫിന് തെരഞ്ഞെടുപ്പ് പരാജയത്തെ മുൻനിർത്തിയാവും പ്രതിപക്ഷത്തിന്റെ പ്രതിരോധം. മഴക്കാല ശുചീകരണം പാളിയതും, ക്ഷേമ പെൻഷൻ കുടിശികയും, എക്സാലോജിക്കും വരുന്ന സഭാ ദിനങ്ങളിൽ ചർച്ചയാകും. ജൂലൈ 25 വരെയാണ് നിയമസഭാ സമ്മേളനം ചേരുക.
