ലൈസന്‍സ് ടെസ്റ്റുകള്‍ 50 പേര്‍ക്ക് മാത്രം;കെ.ബി.ഗണേഷ് കുമാർ

പ്രതിദിന ഡ്രൈവിങ്ങ് ടെസ്റ്റുകളുടെ എണ്ണം 50 എണ്ണമാക്കി കുറച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പരിഷ്‌കാരത്തില്‍ ശക്തമായ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് ഡ്രൈവിങ്ങ് സ്‌കൂളുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ടെസ്റ്റുകള്‍ ബഹിഷ്‌കരിച്ചു. ഡ്രൈവിങ്ങ് ലൈസന്‍സ് നേടിയ ശേഷം വിദേശത്ത് പോകാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഉള്‍പ്പെടെ തിരിച്ചടി നേരിടുകയാണ്.

മെയ് ഒന്ന് മുതല്‍ പുതിയ പരിഷ്‌കാരം നടപ്പാക്കുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍, ബുധനാഴ്ച വൈകുന്നേരം വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് ഇന്നു മുതല്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ 50 പേര്‍ക്കായി പരിമിതപ്പെടുത്തിയെന്ന തീരുമാനം സ്വീകരിച്ചത്. ഡ്രൈവിങ്ങ് ടെസ്റ്റില്‍ വരുത്തിയ പരിഷ്‌കാരങ്ങളില്‍ ഇളവ് വേണമെന്ന് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ നടപടി ഉണ്ടായിട്ടില്ലെന്ന് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ അറിയിച്ചു.

ഒരു വര്‍ഷം 350 കോടി രൂപയാണ് പുതിയ ഡ്രൈവിങ്ങ് ലൈസന്‍സിന്റെ ഫീസായി മാത്രം കേരള സര്‍ക്കാരിലേക്ക് ലഭിക്കുന്നത്. ഇവിടെ എണ്ണം കുറയ്ക്കുന്ന നടപടിയുണ്ടായാല്‍ ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലൈസന്‍സ് നേടുന്ന സാഹചര്യമുണ്ടാകും. ദിവസേന ആയിരക്കണക്കിന് വാഹനം ഇറങ്ങുന്ന സമയത്ത് ലൈസന്‍സുകള്‍ ലഭിക്കുന്നില്ലെങ്കില്‍ ആളുകള്‍ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഇതുവഴി ലൈസന്‍സ് ഫീസ് ഇനത്തിലെ പണം കൂടി സംസ്ഥാന സര്‍ക്കാരിന് നഷ്ടമാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!