മാറുന്ന കാലത്ത് അടിയന്തിര സേവനത്തിന് മുന്‍തൂക്കം നല്‍കിയത് മാതൃകാപരമെന്നും ഐഎംഎ
തിരുവനന്തപുരം; വാഹന അപകടത്തില്‍ ഗുരുതകര പരിക്കേറ്റ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ റോഡരികില്‍ തന്നെ അടിയന്തിര ശസ്ത്രക്രിയ ഉള്‍പ്പെടെ നല്‍കി പ്രാഥമിക ചികിത്സ നല്‍കിയ മൂന്ന് യുവ ഡോക്ടര്‍മാരെ അഭിനന്ദിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.
കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ ബൈക്കുകള്‍ കൂട്ടിമുട്ടി ഗുരുതരമായി പരിക്കേറ്റ കൊല്ലം സ്വദേശി ലിനുവിന് ആവശ്യമായ പരിചരണം നല്‍കിയ കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയാക് ശസ്ത്രക്രിയ വിഭാഗം അസി. പ്രൊഫസര്‍ ഡോ. ബി മനൂപ്, കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റര്‍, ഡോ. ദിദിയ കെ തോമസ് എന്നിവരെയാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍ മേനോനും, സെക്രട്ടറി ഡോ. റോയ് ആര്‍ ചന്ദ്രനും അഭിനന്ദിച്ചത്.
മാറുന്ന കാലഘട്ടത്തില്‍ അത്യാവശ്യ സേവനങ്ങളില്‍ ഇടപെടാന്‍ മിക്കവരും മാറി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ മൂവരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ലിനുവിനെ നടുറോഡിലെ വെളിച്ചത്തില്‍ നാട്ടുകാര്‍ സംഘടിപ്പിച്ച് നല്‍കിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ മുറിവ് ഉണ്ടാക്കി ശ്വാസ നാളത്തിലേക്ക് ശീതളപാനീയത്തിന്റെ സ്‌ട്രോ കടത്തിവിട്ട് ശ്വാസ ഗതി തിരിച്ചു പിടിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുന്ന വരെ ഡോ മനൂപ് ജീവന്‍ നിലനിര്‍ത്താന്‍ കൂടെ നില്‍ക്കുകയും ചെയ്തു.
