ഇന്ത്യയുടെ ബഹിരാകാശ യാത്ര പദ്ധതിയായ ഗഗൻയാൻ യാത്രകരാക്കാൻ പരിശീലനം നടത്തുന്ന നാല സംഘത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ചു. ഇതിൽ ദൗത്യസംഘത്തിന്റെ തലവനായി മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരെയാണ് തെരഞ്ഞെടുത്തത്. അതിന് പിന്നാലെയാണ് മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ലെന രംഗത്തെത്തിയത്. പ്രശാന്ത് നായറുമായി തന്റെ വിവാഹം കഴിഞ്ഞു എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഈ വർഷം ജനുവരി 17 ആയിരുന്നു താനും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായത്. പരമ്പരാഗത ആചാരപ്രകാരമായിരുന്നു വിവാഹം.
പ്രധാനമന്ത്രി ബഹിരാകാശ യാത്രക്കാരെ പ്രഖ്യാപിച്ചതിനുശേഷം ഈ വിവരം പുറത്തിറക്കാൻ കാത്തിരിക്കുകയായിരുന്നു എന്നും ലെന പറഞ്ഞു. രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി തനിക്കും അഭിമാന നിമിഷം ആയിരിക്കുമെന്ന് ലെന പങ്കുവെച്ചു. ലെനയും ചടങ്ങിൽ പങ്കെടുത്തിരുന്നു. 2025ൽ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ബഹിരാകാശത്തെത്തി മൂന്ന് ദിവസത്തിന് ശേഷം ഭൂമിയിൽ എത്തുന്നതാണ് ഗഗൻയാൻ ദൗത്യം.
പാലക്കാട് നെന്മാറ സ്വദേശിയാണ് ഇന്ത്യൻ പ്രതിരോധ സേനയിൽ ജോലി ചെയ്യുന്ന പ്രശാന്ത് ബാലകൃഷ്ണൻ നായർ. എൻജിനീയറിങ് പഠനത്തിന് ശേഷം നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. ഇവിടെ നിന്നും പരിശീലനം പൂർത്തിയാക്കിയശേഷം 1999 ജൂണിൽ വ്യോമസേനയുടെ ഭാഗമായി. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കുറച്ച് വർഷമായി കഠിന പരിശീലനത്തിൽ ആയിരുന്നു.
