തിരുവനന്തപുരം : കുട്ടികളുമായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ വാഹനം ഇടിച്ച് തെറിപ്പിച്ച് കടന്നുപോയ ഇന്നോവ കാര്‍ ഹരിത വി കുമാര്‍ ഐഎഎസ്സിന്റെ അച്ഛന്‍ വിജയകുമാറിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച, ഒക്‌ടോബര്‍ 4ന് തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞി ശ്രീചിത്രാനഗര്‍ റോഡരുകില്‍ കുട്ടികളുമായി പാര്‍ക്ക് ചെയ്യവെയാണ് അപകടമുണ്ടായത്.
ഡ്രൈവറും രണ്ട് കുട്ടികളുമാണ് സ്‌കൂള്‍ വാഹനത്തിലുണ്ടായിരുന്നത്. കെയര്‍ടേക്കര്‍ മറ്റൊരു കുട്ടിയുമായി വാഹനത്തിന്റെ അടുത്തേക്ക് എത്തുമ്പോഴാണ് അപകടമുണ്ടായത്. ആ കുട്ടിയെ പിക്ക് ചെയ്യുന്നതിനായാണ് ആ കുട്ടിയുടെ വീടിനു മുന്നില്‍ റോഡരികിലാണ് വാഹനം നിര്‍ത്തിയിട്ടത്.
ആ സമയത്താണ് അമിത വേഗതയില്‍ എത്തിയ വിജയകുമാറിന്റെ കാര്‍, സ്‌കൂള്‍ വാഹനത്തിന്റെ വശത്ത് ഇടിച്ചു നിര്‍ത്താതെ കടന്നുപോയത്. സ്‌കൂള്‍ വാഹനത്തിന്റെ മിറര്‍ പൊട്ടി, ഡ്രൈവറിന്റെയും കുട്ടികളുടെയും ശരീരത്തില്‍ തെറിച്ചു. എല്ലാവരും സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി ചികിത്സ നേടി. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ച വാഹനവും വാഹനത്തിന്റെ ഉടമസ്ഥനെയും തിരിച്ചറിഞ്ഞത്. പൂജപ്പുര പോലീസ് കേസെടുത്തു.
