പ്രേക്ഷകരെ ഭയപ്പെടുത്തി ‘ഡീയസ് ഈറെ’

സഞ്ജയ് ദേവരാജന്‍

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഡീയെസ് ഈറെ’ എന്ന ചിത്രം മലയാളത്തിലെ ഹൊറര്‍ സിനിമ ശൈലിയില്‍ വേറിട്ട ഒരു ദൃശ്യ അനുഭവം നല്‍കി. പ്രണവ് മോഹന്‍ലാല്‍ എന്ന നടന്റെ ‘കരിയര്‍ ബെസ്റ്റ്’ പ്രകടനമാണ് ഈ കഥാപാത്രത്തിലൂടെ മലയാളിക്ക് ലഭിക്കുന്നത്.

ഈ സിനിമയിലൂടെ മലയാളിയെ അത്ഭുതപ്പെടുത്തിയ പെര്‍ഫോമന്‍സ് നടത്തിയ രണ്ട് കഥാപാത്രങ്ങള്‍… ഒന്നാമതായി ജിതിന്‍ ഗോപിനാഥ്, നിങ്ങള്‍ പ്രണവിനോടൊപ്പമോ, ചിലപ്പോള്‍ അതിനു മുകളിലോ നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. മലയാള സിനിമ താങ്കളിലെ നടനില്‍ ഒരുപാട് പ്രതീക്ഷകള്‍ ഇനി വെച്ച് പുലര്‍ത്തും. ജയാ കുറുപ്പ്, നിങ്ങള്‍ കുറച്ചുസമയം പ്രകടനം കൊണ്ട് പ്രേക്ഷകനെ ഞെട്ടിച്ചുകളഞ്ഞു. പിന്നെ അരുണ്‍ അജുകുമാര്‍, കുറച്ചു സീനുകളിലാണെങ്കിലും നിങ്ങളും ഈ സിനിമ കണ്ട് ഇറങ്ങുന്നവരുടെ മനസ്സില്‍ പതിയും.

വളരെ കുറച്ച് കഥാപാത്രങ്ങള്‍, പ്രധാന ലൊക്കേഷന്‍ ദൃശ്യഭംഗിയുള്ള ഒരു വീട്, കഥാപാത്രങ്ങളുടെ പെര്‍ഫോമന്‍സ്, മികച്ച എഡിറ്റിംഗ്, ഛായാഗ്രഹണം, മികച്ച പശ്ചാത്തല സംഗീതം, കൃത്യതയാര്‍ന്ന തിരക്കഥ, പിന്നെ പ്രധാനമായും സംവിധാനമികവ്.

ആദ്യസിനിമ മികച്ച രീതിയില്‍ സംവിധാനം ചെയ്തശേഷം പിന്നെ മങ്ങിപ്പോകുന്നതാണ് ഇപ്പോഴത്തെ യുവ സംവിധായകരില്‍ കണ്ടുവരുന്നത്. എന്നാല്‍ രാഹുല്‍ സദാശിവന്‍ എന്ന സംവിധായകന്‍, ഓരോ സിനിമ കഴിയുമ്പോഴും മികവ് കൂടുതല്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും സിനിമയെന്ന മിഡിയയോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെയായിരിക്കാം ഈ മികവ് പുലര്‍ത്താന്‍ സംവിധായകനെ പ്രാപ്തനാക്കുന്നത്. അപ്പോഴും കനി എന്ന കഥാപാത്രത്തെ കുറച്ചുകൂടി മനസ്സിലാക്കണം എന്ന് പ്രേക്ഷകന്‍ ആഗ്രഹിച്ചു പോകുന്നുണ്ട്.

‘ഹൊറര്‍ ഴോണര്‍’ നിന്ന് മാറി ഒരു സിനിമ ഈ സംവിധായകനില്‍ നിന്ന് പ്രതീക്ഷിക്കാമോ, അതോ ഇതിലും മികച്ച ഹോറര്‍ എക്‌സ്പീരിയന്‍സോ. താങ്കളുടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *