വൈദ്യശാസ്ത്രത്തിലെ മാറ്റങ്ങള്‍ ഡോ. ശ്രീജിത്തിന്റെ കാഴ്ചപ്പാടിലൂടെ

വളരെ യാദൃശ്ചികമായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (IMA) ഒരു ക്ലാസ്സില്‍ പങ്കെടുക്കുകയുണ്ടായത്. ആ ക്ലാസ്സില്‍ വച്ചാണ് ലൈഫ് സപ്പോര്‍ട്ടിനെ കുറിച്ച് കേള്‍ക്കാന്‍ ഇടയായത്. മരണത്തിന് കാരണമാകുന്ന നിരവധി രോഗങ്ങളും അപകടങ്ങളും സംഭവിക്കാറുണ്ട്. ഇവിടെയാണ് ബേസിക് ലൈഫ് സപ്പോര്‍ട്ടിന്റെ (BLS) അനിവാര്യത! അതിന്റെ പ്രാധാന്യം മനസിലായി തുടങ്ങിയതോടെ കുടുതല്‍ കാര്യങ്ങള്‍ ഈ ഒരു വിഷയത്തെ കുറിച്ച് അറിയണമെന്നും ആളുകളിലേക്ക് ഈ അറിവ് എത്തിക്കണമെന്നും തോന്നി. അങ്ങനെയാണ് നിര്‍മല ഹോസ്പിറ്റലിലെ ഡോക്ടര്‍ ശ്രീജിത്തിനെ കണ്ടുമുട്ടുന്നതും ഇതിനെക്കുറിച്ച് സംസാരിക്കുന്നതും. അടിയന്തരഘട്ടത്തില്‍ നല്‍കേണ്ട പ്രാഥമിക ചികിത്സയെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

എന്താണ് ബേസിക് ലൈഫ് സപ്പോര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് ?
ഹൃദയവും ശ്വാസകോശവും ഒന്നിച്ചു പ്രവര്‍ത്തന രഹിതമായ ഒരു വ്യക്തിക്ക് താത്ക്കാലികമായി ആ പ്രവര്‍ത്തനം നമ്മള്‍ ചെയ്തു കൊടുക്കുന്നതാണ് ബേസിക് ലൈഫ് സപ്പോര്‍ട്ട്. Cardio Pulmonary Resuscitation അഥവാ CPR നല്‍കുക എന്ന് പറയും. ചെറിയ ട്രെയിനിങ് കിട്ടിയാല്‍ സാധാരണ ജനങ്ങള്‍ക്ക് CPR ചെയ്യാന്‍ സാധിക്കും.

എന്താണ് CPR ?
എന്താണ് സി.പി.ആര്‍ എന്നും അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ ഇത് സഹായിച്ചേക്കും. എങ്ങനെ ചെയ്യണമെന്ന് കൃത്യമായും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ക്ലാസുകളില്‍ ഓരോ വ്യക്തിക്കും ട്രെയിനിങ് നല്‍കാറുണ്ട്. ഇതിലൂടെ ഹൃദയ സ്തംഭനത്താല്‍ ഒരാള്‍ ബോധം കെട്ടു വീണ സമയത്ത് നിങ്ങളുടെ മനസ്സും കൈകളും പ്രവര്‍ത്തിച്ചാല്‍ ഒരു ജീവന്‍ രക്ഷിക്കാനാകും. കാഴ്ചക്കാരായി നില്‍ക്കാതെ ഉടന്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കുഴഞ്ഞുവീണ രോഗിക്ക് പുനരുജ്ജീവന ചികിത്സ നല്‍കുകയാണ് ഇതിനുള്ള പ്രതിവിധി.

എന്താണ് Automated External Defibrillator ? നമ്മുടെ നാട്ടില്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുന്നുണ്ട് ?

വികസിത രാജ്യങ്ങളില്‍ ഒട്ടുമിക്ക പൊതുസ്ഥലങ്ങളിലും ഈ മെഷീന്‍ ലഭ്യമാണ്. കാരണം അവിടെയുള്ള ജനങ്ങള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ധാരണയുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ജനങ്ങള്‍ക്ക് കൃത്യമായ അറിവില്ല എന്നുള്ളതും പിന്നെ ഈ മെഷീന്റെ അഭാവവുമാണ് ഇതിന്റെ പ്രാധാന്യം വേണ്ടത്ര മനസ്സിലാകാതെ പോകുന്നത്. Automated External Defibrillator പേരു കേള്‍ക്കുമ്പോള്‍ പേടി തോന്നുമെങ്കിലും സാധാരണക്കാര്‍ക്ക് ട്രെയിനിങ് കിട്ടിയാല്‍ ഉപയോഗിക്കാന്‍ കഴിയാവുന്നതേയുള്ളൂ.

പെട്ടെന്ന് ഉണ്ടാകുന്ന അപകടത്തില്‍ ഡോക്ടറിനെക്കാള്‍ മുമ്പ് കൂടെയുള്ള ആളുകള്‍ക്കാണ് പ്രാഥമിക ചികിത്സ നല്‍കാന്‍ കഴിയുന്നത്. എങ്ങനെയൊക്കെയാണ് അവര്‍ക്ക് സഹായിക്കാന്‍ കഴിയുക?
ഒരാള്‍ പെട്ടെന്ന് കുഴഞ്ഞു വീണാല്‍ സുഹൃത്തുക്കളോ ബന്ധുക്കളോ ആണെങ്കില്‍ കരഞ്ഞു ബഹളം വെക്കും. അപരിചിതന്‍ ആണെങ്കില്‍ ഓടിച്ചെന്നു വെറുതേ നോക്കി നില്‍ക്കും. എന്നാല്‍ സമയോചിതമായ ഇടപെടലുകള്‍ കൊണ്ടു രക്ഷിക്കാവുന്ന ഒരു ജീവന്‍ ആയിരിക്കും ഒരുപക്ഷേ നമ്മുടെ മുന്നില്‍ കിടക്കുന്നത്. ഡോക്ടറിന്റെയോ, ഒരു നഴ്‌സിന്റെയോ സഹായം ലഭ്യമാക്കാന്‍ കഴിയുന്ന സാഹചര്യമായിരിക്കില്ല മിക്കവാറും. കണ്ടുനില്‍ക്കുന്നവര്‍ക്ക് ആയിരിക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയുക. അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ ഇതിനെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടാക്കുക എന്നത് പ്രധാനമാണ്. CPR, Automated External Defibrillator പോലുള്ളവയാണ് ഇത്തരം അവസ്ഥകളില്‍ ചെയ്യാന്‍ കഴിയുന്നത്. അതുവഴി അവരുടെ അതിജീവനത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.

സാധാരണ ജനങ്ങള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നല്‍കുന്നതിന്റെ പ്രധാന്യം എത്രത്തോളമാണ് ?
വെറുമൊരു ക്ലാസ് എന്ന നിലയില്‍ സമീപിക്കാതെ നമ്മുടെ നിത്യജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന കാര്യങ്ങളെ എങ്ങനെ നേരിടാം എന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. ഉദാഹരണമായി പറഞ്ഞാല്‍ ഒരു പാമ്പ് കടിയേറ്റാല്‍ എന്താണ് കൃത്യമായി ചെയ്യണ്ടത് എന്ന് ഇപ്പോഴും ആളുകള്‍ക്ക് അറിയില്ല എന്നതാണ് യഥാര്‍ഥ്യം. മിക്കയിടത്തും കണ്ടു വരുന്ന രീതി, ഒരു തുണി ഉപയോഗിച്ച് കെട്ടുക എന്നതാണ് എന്നാല്‍ അങ്ങനെ ചെയ്യാന്‍ പാടില്ല എന്ന് എത്ര പേര്‍ക്ക് അറിയാം? ഇങ്ങനെയുളള സാഹചര്യങ്ങളിലാണ് ഇത്തരം ക്ലാസുകളുടെ പ്രധാന്യം മനസിലാക്കേണ്ടത്.

പാമ്പ് കടിയേറ്റാല്‍ ആന്റി വെനം ഇല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയാതിരിക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. രോഗിയെ രക്ഷിക്കുന്നതിന് പകരം, പാമ്പിനെ പിടിക്കാന്‍ അതിന്റെ പിന്നാലെ പോയി സമയം കളയേണ്ടതില്ല. കാരണം പാമ്പിനെ കിട്ടുന്നത് ചികിത്സയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കില്ല. അതുപോലെ ഒരു അപകടമുണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും നാമെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

തെറ്റായ രീതിയില്‍ കിടത്തുക, വെളളം കൊടുക്കുക ഇവയെല്ലാം തെറ്റായ പ്രവണതയാണ്. വിദഗ്ധര്‍ നല്‍കുന്ന ഇത്തരം ക്ലാസുകള്‍ ഓരോ മനുഷ്യന്റെ അതീജിവനത്തിനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന സത്യം മനസ്സിലാക്കി നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്നതാണ് ഡോ. ശ്രീജിത്ത് മുന്നോട്ട് വയ്ക്കുന്ന ആശയം.

ഏതൊരു പുനരുജ്ജീവന ശ്രമത്തിന്റെയും കാതല്‍ എന്ന് പറയുന്നത് ബേസിക് ലൈഫ് സപ്പോര്‍ട്ട് ആണ്. ഈ വിഷയത്തെ കുറിച്ച് ജനങ്ങളിലേക്ക് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഡോ. ശ്രീജിത്തും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ചേര്‍ന്ന് നൂതന സാങ്കേതിക വശങ്ങള്‍ ചേര്‍ത്തിട്ടുള്ള ക്ലാസുകളാണ് നല്‍കുന്നത്. ഇതിലൂടെ പുതിയ മാറ്റങ്ങള്‍ നമ്മുടെ സമൂഹത്തില്‍ കൊണ്ടുവരാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഡോ. ശ്രീജിത്ത് കാഴ്ച വയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *