അശരണര്‍ക്ക് സഹായഹസ്തമായി ബിആര്‍ഒയും രഞ്ജിത്ത് കൊല്ലംകോണവും

ജീവകാരുണ്യ പ്രവര്‍ത്തനം ചെറുപ്പം മുതലേ അച്ഛനും അമ്മയും ചെയ്തു വരുന്നത് കണ്ടുവളര്‍ന്നത് കൊണ്ട് തന്നെ തിരുവനന്തപുരം സ്വദേശിയായ രഞ്ജിത്ത് കൊല്ലംകോണവും തന്റെ ജീവിതം ജനങ്ങള്‍ക്കായി മാറ്റിവെച്ചു എന്ന് തന്നെ പറയാം. അച്ഛന്റെ പ്രവര്‍ത്തനങ്ങളാണ് എന്നും ആ ചെറുപ്പക്കാരന് പ്രചോദനവും മാതൃകയുമായത്. അതുകൊണ്ടുതന്നെ, ചെറുപ്പം മുതലേ പൊതുപ്രവര്‍ത്തനത്തില്‍ നല്ല താത്പര്യം ഉണ്ടായിരുന്നു. ജനക്ഷേമം ലക്ഷ്യമിട്ടു, രഞ്ജിത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ബ്ലഡ് റിലേഷന്‍ ഓര്‍ഗനൈസേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി (ബി.ആര്‍.ഒ) എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. നിരാലംബരുടെ ജീവന്‍ രക്ഷിക്കാനായി, പ്രതിഫലേച്ഛയില്ലാതെ രക്തം ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈയൊരു ആശയത്തിലേക്ക് എത്തുന്നത്.

ഇന്ന് രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ മുന്‍നിരയിലാണ് രഞ്ജിത്ത് പ്രസിഡന്റ് ആയുള്ള ബ്ലഡ് റിലേഷന്‍ ഓര്‍ഗനൈസേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി (ബി.ആര്‍.ഒ). ഒരു കുട്ടം ചെറുപ്പക്കാരുടെയും മധ്യവയസ്‌കരുടെയും കൂട്ടായ്മയാണ് ബിആര്‍ഒ. നാലായിരത്തോളം പേര്‍ക്കാണ് ഈ സംഘടയിലൂടെ ഇതിനോടകം രക്തം ദാനം ചെയ്യാന്‍ സാധിച്ചത്. ഒപ്പമുള്ളവരെ പോലെ രഞ്ജിത്തും 88 തവണ രക്തദാനം നിര്‍വഹിച്ചു മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ്. ഒരു സമയത്ത് രക്തത്തിന് വേണ്ടി ഏറെ പ്രയാസകരമായ അവസ്ഥയിലൂടെ ഓരോ ആളുകളും കടന്നുപോയിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഘടനകളുടെ വരവോടെ ഒരുവിധം എല്ലാ ആളുകള്‍ക്കും പ്രയോജനകരമായ രീതിയില്‍ ബിആര്‍ഒയെ പ്രയോജനപ്പെടുത്തുന്നുണ്ട്.

തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലയിലെ എല്ലാ ഗവണ്‍മെന്റ് സ്വകാര്യ ആശുപത്രികളിലും അമൃത ആശുപത്രികളിലും രക്തദാനത്തിന് മുന്നില്‍ നില്‍ക്കുകയാണ്. അതോടൊപ്പം 2018ലെ വെള്ളപ്പൊക്ക സമയത്ത് സംഘടനാ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സഹായവുമായി എത്തിയിരുന്നു. കൂടാതെ നമ്മളെല്ലാവരും ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോയ കോവിഡ് കാലത്തും ആളുകള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ സംഘടനയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യാന്‍ സാധിച്ചു. ബിആര്‍ഒയുടെ വാര്‍ഷിക ആഘോഷവേളയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, വിശിഷ്ട വ്യക്തികള്‍, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ ആദരിക്കുകയും ചെയ്തു.

നിര്‍ധനരായ കുട്ടികള്‍, ക്യാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രഞ്ജിത്ത് തന്റെ സംഘടനയിലൂടെ സഹായം എത്തിക്കുന്നുണ്ട്. എടുത്ത് പറയേണ്ട ഒരു കാര്യം, കീമോതെറാപ്പിയിലൂടെ മുടി നഷ്ടമാകുന്ന സ്ത്രീകള്‍ക്ക് മുടി നല്‍കാന്‍ സന്നദ്ധരായവരുടെ പക്കല്‍ നിന്ന് ശേഖരിച്ച് എത്തിക്കുന്ന ‘ഹെയര്‍ ബാങ്ക്’, നിര്‍ധനരായവര്‍ക്ക് മറ്റുള്ളവരില്‍ നിന്നും വസ്ത്രങ്ങള്‍ ശേഖരിച്ചു എത്തിക്കുന്ന ‘ക്ലോത്ത് ബാങ്ക്’ എന്നിങ്ങനെ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. സമൂഹത്തിന് വേണ്ടി ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്, 2024 ല്‍ ‘ഭാരത് സേവക് സമാജ്’ ദേശീയ പുരസ്‌കാരം നല്‍കി രഞ്ജിത്തിനെ ആദരിക്കുകയും ചെയ്തു.

ഇനിയും ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കാന്‍ സംഘടന ആലോചിക്കുന്നുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ മുഖേനെ ഫണ്ട് ഏര്‍പ്പെടുത്തുക, ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍, തൊഴിലില്ലായ്മ പരിഹരിക്കുക, പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സര്‍വീസ്, കലാസാഹിത്യ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, കര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് സംഘടനയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍…!

തന്റെ 20 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ നിരവധി മനുഷ്യ ജീവനുകള്‍ക്ക് സംരക്ഷണം നല്‍കുവാനും അവര്‍ക്കൊരു കൈത്താങ്ങാവാനും സാധിച്ചു എന്നത് തന്റെ പൊതുപ്രവര്‍ത്തനത്തിന് ലഭിച്ച അവാര്‍ഡുകള്‍ക്ക് പുറമേ, വലിയൊരു അംഗീകാരമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ ജീവകാരുണ്യ പ്രവര്‍ത്തകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങി നില്‍ക്കുകയാണ് രഞ്ജിത്ത് കൊല്ലംകോണം എന്ന ചെറുപ്പക്കാരന്‍ !