ഓരോ രചനയും ഓരോ ജീവനാണ്. എഴുത്തുകാരന്റെ മനസ്സില്‍ ഉടലെടുക്കുന്ന കാവ്യബിംബം വായനക്കാരന്റെ അനുഭൂതിയിലൂടെ വളര്‍ന്ന് മറ്റൊരു തലത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന ജീവന്‍… അതുകൊണ്ടുതന്നെയാണ് ഓരോ വരികള്‍ക്കിടയിലൂടെയും ആഴത്തില്‍ ഇറങ്ങിച്ചെന്ന് സാഹിത്യകാരന്‍ ഉദ്ദേശിക്കുന്ന തലത്തിലേക്ക് വളരാനും ഭാവനയെ വളര്‍ത്താനും ആസ്വാദകനും കഴിയണമെന്ന് പറയുന്നത്. അതിനേക്കാള്‍ എല്ലാമുപരി പ്രധാനമാണ് വായനക്കാരന്റെ മനസ്സ് തൊട്ടറിഞ്ഞുകൊണ്ട് ദീര്‍ഘവീക്ഷണത്തോടെ സൃഷ്ടികള്‍ രചിക്കുവാന്‍ സാഹിത്യകാരന് ഉള്ള കഴിവ്. അത്തരത്തിലൊരു കഴിവ് ദൈവത്തിന്റെ സ്പര്‍ശം പോലെ കനിഞ്ഞു കിട്ടിയ എഴുത്തുകാരനാണ് തൃശൂര്‍ പുറനാട്ടുകര സ്വദേശി ആറ്റൂര്‍ സന്തോഷ് കുമാര്‍.

മറ്റ് സാഹിത്യകാരന്മാരെ അപേക്ഷിച്ച് ഭാവത്തിലും സാഹിത്യത്തിലും എന്നതു പോലെ തന്നെ താന്‍ പുറത്തിറക്കുന്ന ഓരോ രചനയിലും വ്യത്യസ്തത കൊണ്ടുവരാന്‍ ഇദ്ദേഹം ശ്രമിക്കുന്നുണ്ട്. തല്‍ഫലമായി രൂപം കൊണ്ടതാണ് ലോകത്തിലെ തന്നെ ഏറ്റവും ചെറിയ സൂക്ഷ്മ രാമായണം എന്ന ആശയം. അഞ്ചു മില്ലിമീറ്റര്‍ നീളവും അഞ്ചു മില്ലിമീറ്റര്‍ വീതിയുമുള്ള ഈ പുസ്തകം ഒരു ലെന്‍സിന്റെ സഹായത്തോടെ മാത്രമേ വായനക്കാരന് ആസ്വാദ്യയോഗ്യമാക്കാന്‍ കഴിയൂ. വാല്മീകി രാമായണത്തിലെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഇദ്ദേഹത്തിന്റെ രാമായണം ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. 201 പേജുകളില്‍ 603 വാക്കുകളില്‍ അക്ഷരമാലാക്രമത്തില്‍ ആദ്യത്തെ 51 പേജുകളില്‍ തുടങ്ങി ഗദ്യസാഹിത്യമായിട്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, തമിഴ് എന്നീ നാലുഭാഷകളിലേക്കും 3 സെ.മി ഃ 3 സെ. മി സൈസില്‍ ഇത് തര്‍ജമ ചെയ്യപ്പെട്ടിട്ടുമുണ്ട്.
ശ്രീരാമന്റെ ഇളയ സഹോദരനായ ശത്രുഘ്‌നനെ കുറിച്ചുള്ള മലയാളത്തിലെ ആദ്യ നോവലായ ‘ശത്രുഘ്‌നമൗനം’ എന്ന പുസ്തകവും 2024 ജൂലൈ 14 പ്രകാശനം ചെയ്ത ‘അക്ഷരമുഖി – അത്ഭുത കണ്ണാടിയിലെ അക്ഷരങ്ങള്‍’ എന്ന ബാലശാസ്ത്ര കഥാസാഹിത്യ പുസ്തകവും സാഹിത്യ ലോകത്തിന് എന്നും ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. മാത്രവുമല്ല അദ്ദേഹത്തിന്റെ ഈ രചനയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

അച്ഛന്‍ ശിവന്‍ പി നായര്‍ക്കൊപ്പം അന്‍പതു വര്‍ഷത്തെ പാരമ്പര്യമുള്ള എസെന്‍സ് പ്രിന്റിംഗ് പ്രസ് എന്ന സ്ഥാപനം നടത്തിവരുന്ന സമയത്താണ് തന്റെ വഴിയിലെ വ്യത്യസ്ത ദിശകളെ കുറിച്ച് അദ്ദേഹം ചിന്തിച്ചു തുടങ്ങിയത്. ലോകത്തെ ആകമാനം വീട്ടിലിരുത്തിയ കൊറോണ വൈറസിന് ആളുകളുടെ പ്രവൃത്തിയെയും രീതികളെയും ചുരുക്കിയെടുക്കാന്‍ സാധിക്കുമെങ്കില്‍ രാമായണം പോലെ ഒരു ഇതിഹാസ കാവ്യത്തെ എന്തുകൊണ്ട് സംക്ഷിപ്ത രൂപത്തില്‍ ആക്കിക്കൂടാ എന്ന് അദ്ദേഹം ചിന്തിച്ചു. തല്‍ബലമായുള്ള ഈ സാഹിത്യകാരന്റെ ദിനരാത്രങ്ങള്‍ കടന്നുള്ള പരിശ്രമ ഫലമായി സന്തോഷ് കുമാര്‍ തയ്യാറാക്കിയ സൂക്ഷ്മ സംക്ഷിപ്ത രാമായണത്തിന് ടാലന്റ് റെക്കോര്‍ഡ് ബുക്കും വേള്‍ഡ് റെക്കോര്‍ഡ് അംഗീകാരങ്ങളും ലഭിക്കുകയുണ്ടായി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 938734 5566

 
                                            