കൊച്ചി: സിൽവർ ലൈൻ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിർദ്ദേശം ചെവിക്കൊള്ളാതിരുന്ന സർക്കാരിന് ഇപ്പോൾ ബോധോദയം ഉണ്ടായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കല്ലിടൽ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന പ്രതിപക്ഷത്തിന്റെ നിർദേശം അംഗീകരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
സർക്കാർ ജനങ്ങളോട് തെറ്റ് സമ്മതിക്കണം. നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിരിക്കുന്ന മുഴുവൻ കേസുകളും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃക്കാക്കരയിൽ ജനങ്ങളെ സമീപിച്ചപ്പോൾ ജനരോഷം സർക്കാരിന് ബോധ്യപ്പെട്ടു. കമ്മീഷൻ റെയിലിന് ജനം എതിരായതു കൊണ്ടാണ് കല്ലിടൽ നിർത്താൻ സർക്കാർ തയ്യാറായത്. ആര് സമരം ചെയ്താലും കല്ലിടൽ തുടരുമെന്ന പ്രഖ്യാപനത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് പിറകോട്ട് പോകേണ്ടി വന്നു. ഭൂമി ഏറ്റെടുക്കാനുള്ള കുതന്ത്രമായിരുന്നു കല്ലിടൽ. ജനശക്തിക്ക് മുന്നിൽ എല്ലാ കുതന്ത്രങ്ങളും പൊളിഞ്ഞു. ഒന്നാംഘട്ട സമരം വിജയിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
