കോണ്‍ഗ്രസ് പുനസംഘടന: വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടായാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് സംപൂജ്യമാകുമെന്ന് മുരളീധരന്‍

കോഴിക്കോട് : കോണ്‍ഗ്രസിലെ പുനസംഘടന ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആകരുതെന്ന് കെ മുരളീധരന്‍ എംപി. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പ് പാടില്ല എന്നുതന്നെയാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമി കേഡര്‍ സംവിധാനത്തില്‍ പോയാലേ പാര്‍ട്ടിക്ക് മെച്ചപ്പെടാനാവൂ. ഞാന്‍ നിര്‍ദ്ദേശിക്കുന്നവരില്‍ പോലും പ്രവര്‍ത്തിക്കാത്തവരുണ്ടെങ്കില്‍ അവരെ നിര്‍ദാക്ഷിണ്യം തള്ളണമെന്നും സൂചിപ്പിച്ചു.

ഭാരവാഹി പട്ടിക രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും പുനസംഘടനയില്‍ വി എം സുധീരന് അതൃപ്തി ഉണ്ടെങ്കില്‍ രാഷ്ട്രീയകാര്യ സമിതി വിളിക്കാന്‍ ആവശ്യപ്പെടാമായിരുന്നുവെന്നുംഅദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടി ചട്ടക്കൂട് വിട്ട് സുധീരന്‍ പുറത്ത് പോകില്ലെന്നാണ് പ്രതീക്ഷ. സംഘടനയുടെ നന്മക്ക് വേണ്ടി മാത്രമേ അദ്ദേഹം പ്രവര്‍ത്തിക്കുകയുള്ളു. വി എം സുധീരനെ താന്‍ നേരിട്ട് കാണുമെന്നും വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ സംപൂജ്യമാകുമെന്നും താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുരളീധരന്‍ പറഞ്ഞു.

കെ.പി.സി.സി പുന:സംഘടന രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസം തിരുവനന്തപുരത്തുണ്ടായിരുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. മുതിര്‍ന്ന നേതാക്കളുമായി സൗഹൃദ കൂടിക്കാഴ്ചയ്ക്കാണ് താരിഖ് അന്‍വര്‍ എത്തിയതെങ്കിലും, വി.എം. സുധീരന്‍ ഉയര്‍ത്തിയ പ്രശ്‌നം ചര്‍ച്ചകളെയാകെ വഴി തിരിച്ചുവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *